സ്ഫുട്‌നിക് വാക്സിൻ 60 വയസിന് മുകളിലുള്ളവർക്ക് മികച്ച സുരക്ഷ നൽകുന്നു; ആർ‌ഡി‌എഫ്

  • 12/07/2021

ന്യൂഡെൽഹി: റഷ്യൻ നിർമ്മിത കൊറോണ വാക്സിനായ സ്ഫുട്‌നിക് 60 വയസിന് മുകളിലുള്ളവർക്ക് മികച്ച സുരക്ഷ നൽകുന്നുവെന്ന് വാക്സിൻ നിക്ഷേപകരായ റഷ്യൻ ഡയറക്‌ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (ആർ‌ഡി‌എഫ്) വ്യക്തമാക്കി. അറുപതുവയസിന് മുകളിലുള്ളവർക്ക് മറ്റുള്ളവർക്കൊപ്പം പ്രതിരോധ ശേഷി വാക്സിൻ നൽകുന്നുണ്ടെന്നും ആശുപത്രി വാസം പരമാവധി ഒഴിവാക്കാനാവുമെന്ന് വ്യക്തമായതായും ആർ‌ഡി‌എഫ് അറിയിച്ചു.

അടുത്തിടെ നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. മാർച്ച്‌ നാലുമുതൽ ഏപ്രിൽ എട്ടുവരെ ഒന്നോ രണ്ടോ ഡോസ് സ്പുട്നിക് വാക്സിൻ സ്വീകരിച്ചവരിലാണ് പഠനം നടത്തിയത്. വാക്സിന്റെ ഒന്നും രണ്ടും ഘട്ട പഠനങ്ങളുടെ കണ്ടെത്തലുകളുമായി യോചിക്കുന്നതാണ് ഇപ്പോഴത്തെ കണ്ടെത്തലുകളെന്നും ആർ‌ഡി‌എഫ് വ്യക്തമാക്കി.

മോർപൻ ലബോറട്ടറീസ് തങ്ങളുടെ ഹിമാചൽ പ്രദേശിലെ നിർമ്മാണശാലയിലാണ് ഇന്ത്യയിലെ സ്പുട്‌നിക്ക് വാക്സിന്റെ ഉത്പാദനം നടത്തുന്നത്. ഗ്ലാൻഡ് ഫാർമ, ഹെറേറോ ബയോഫാർമ, പാനസി ബയോടെക്, സ്‌റ്റെലിസ് ബയോഫാർമ, വിർഷോ ബയോടെക് തുടങ്ങിയ കമ്പനികളുമായും വാക്‌സിൻ ഉത്പാദനത്തിന് ആർ‌ഡി‌എഫ് കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. മോർപൻ ലാബോറട്ടറീസുമായുള്ള സഹകരണം കൂടുതൽ സ്പുട്‌നിക് വാക്‌സിൻ ലഭ്യമാക്കാൻ സഹായിക്കുമെന്ന് ആർ‌ഡി‌എഫ് സി ഇ ഒ നേരത്തേ വ്യക്തമാക്കിയിരുന്നു.

Related News