കുവൈത്തിലെ ഡെലിവറി തൊഴിലാളിയുടെ മരണം കൊലപാതകമല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്.

  • 16/07/2021

കുവൈത്ത് സിറ്റി: രാജ്യത്തെ നടുക്കിയ ഡെലിവറി ജോലി ചെയ്യുന്നയാളുടെ മരണത്തില്‍ വഴിത്തിരിവ്. അബു ഫാത്തിറ മേഖലയിലുണ്ടായ മരണം കൊലപാതകം അല്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്. മരണകാരണം ഹൃദയസ്തംഭനം സംഭവിച്ചതാണെന്നും തലയിലും മറ്റുമുണ്ടായ പരിക്കുകള്‍ വീഴ്ചയുടെ ആഘാതത്തില്‍ ഉണ്ടായതാണെന്നുമാണ് റിപ്പോര്‍ട്ട്. 

അബു ഫാത്തിറ മേഖലയിലെ വീട്ടില്‍ വച്ചുണ്ടായ സംഭവത്തില്‍ വീട് ഉടമയുടെ മകനെയായിരുന്നു അറസ്റ്റ് ചെയ്തിരുന്നത്. ബോധരഹിതമായ ആളെ വീടിന്‍റെ മുറ്റത്തേക്ക് കൊണ്ട് വന്ന് ഉണര്‍ത്താന്‍ ശ്രമിക്കവേയാണ് മരണം സംഭവിച്ചതെന്ന്  കുവൈത്തി പൗരൻ  മൊഴിനല്കിയിരുന്നു. 

രക്ഷപ്പെട്ട പൗരനെ പിന്നീട് അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവം  നടന്ന പരിസരത്തെ ക്യാമറകളും കുവൈത്തി പൗരന്‍റെ മൊഴിയെ സാധൂകരിക്കുന്നതാണ്.  അതോടൊപ്പം കുവൈത്തി പൗരൻ മയക്കു മരുന്നിന് അടിമയാണെന്നും , പല കേസുകളിലും അന്യോഷണം നേരിടുന്ന വ്യക്തിയാണെന്നും അധികൃതർ വ്യക്‌തമാക്കി. 

അതേസമയം, സ്വദേശി കുറ്റം സമ്മതിച്ചതായി കഴിഞ്ഞ ദിവസം പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പുതിയ വഴിത്തിരിവിലാണ് കേസ്. ഷെയ്ഖ് ബാഷ ഞായറാഴ്ചയാണ് കൊല്ലപ്പെട്ടത്. 150 കെഡി ഡെലിവറി തുക കസ്റ്റമര്‍ നല്‍കാത്തതിനെ തുടര്‍ന്ന് തുടങ്ങിയ തര്‍ക്കം ബാഷയുടെ മരണത്തിൽ  കലാശിക്കുകയായിരുന്നു. ഇരുമ്പുവടി കൊണ്ട് തലക്കടിയേറ്റാണ് മരണം എന്നായിരുന്നു പ്രാഥമിക അന്യോഷണ റിപ്പോർട്ട്. 

Related News