ഇന്ത്യൻ ഡെലിവറി ഡ്രൈവർ ഷൈഖ്‌ പാഷ മരണപ്പെട്ടത് ഹൃദയസ്തംഭനം മൂലമെന്ന് ഫോറൻസിക് റിപ്പോര്‍ട്ട്

  • 17/07/2021

കുവൈത്ത് സിറ്റി : ഇന്ത്യൻ ഡെലിവറി ഡ്രൈവർ ഷൈഖ്‌ പാഷയുടെ മരണം സ്വാഭാവിക കാരണങ്ങളാലാണെന്നും കൊലപാതകമല്ലെന്നും ഫോറൻസിക് റിപ്പോർട്ടുകളെ ഉദ്ധരിച്ച് അൽ റായ് ദിനപത്രം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞാഴ്ചയാണ് കുവൈത്തിലെ ഫിന്താസ് പ്രദേശത്ത് സംഭവം നടക്കുന്നത്.  ഇലക്ട്രിക്‌ സ്കൂട്ടർ ഡെലിവറി ചെയ്യാന്‍ എത്തിയ ബാഷയെ സ്കൂട്ടർ  കൈപറ്റിയ ശേഷം പണം നൽകാൻ വിസമ്മതിക്കുകയും തുടര്‍ന്ന് വാക്കേറ്റമുണ്ടാവുകയുമായിരുന്നു. ഇരുമ്പു വടിയുടെ അടിയേറ്റ് താഴെ വീണ ബാഷ കൊല്ലപ്പെടുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റെങ്കിലും മരണകാരണം ഹൃദയസ്തംഭനമാണെന്നാണ് ഫോറൻസിക് റിപ്പോർട്ടിലൂടെ ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്. 

പുതിയ  റിപ്പോർട്ടുകളുടെ അടിസ്ഥാനത്തില്‍ പ്രതിയെ കൊലപാതക കുറ്റത്തില്‍ നിന്നും ഒഴിവാക്കിയതായും അപകട മരണത്തില്‍ നിന്നും  സ്വാഭാവിക മരണത്തിലേക്ക് കേസ് മാറ്റിയതായും പ്രോസിക്യൂഷൻ അറിയിച്ചു. അന്വേഷണത്തില്‍ സമീപത്തുള്ള ക്യാമറകളുടെ ദൃശ്യങ്ങളും പരിശോധിച്ചതായി പോലിസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാജ്യത്തെ പ്രമുഖ പത്രമായ അൽ ഖബസിന്‍റെ നേതൃത്വത്തില്‍ മരണപ്പെട്ട ഷൈഖ്‌ പാഷക്ക് വേണ്ടി ഫണ്ട്‌ പിരിവ് നടത്തിയിരുന്നു. ഒരു ദിവസത്തേക്ക് മാത്രമായി  നടന്ന പിരിവില്‍ 30400 ദിനാറാണ് പിരിഞ്ഞ് കിട്ടിയത്. 

Related News