കനത്ത മഴ; മുംബൈയില്‍ മണ്ണിടിച്ചിലില്‍ 15 പേര്‍ മരിച്ചു; നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുന്നു

  • 18/07/2021



മുംബൈ: കനത്ത മഴയെ തുടര്‍ന്ന് രണ്ടിടങ്ങളിലുണ്ടായ മണ്ണിടിച്ചിലില്‍ മുംബൈയില്‍ 15 പേര്‍ മരിച്ചു. മുംബൈയിലെ ചെമ്പൂരിലെ ഭരത് നഗറിലുണ്ടായ അപകടത്തില്‍ 12 പേര്‍ മരിച്ചതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നിരവധി പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. നിര്‍ത്താതെ പെയ്യുന്ന മഴയെ തുടര്‍ന്നാണ് ശനിയാഴ്ച രാത്രിയോടെ അപകടമുണ്ടായത്. സംഭവസ്ഥലത്തുനിന്ന് ഇതുവരെ 15 പേരെ രക്ഷപ്പെടുത്തി. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

കനത്ത മഴയെ തുടര്‍ന്ന് വിക്രോളി മേഖലയിലും കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍ മരിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് ബി എം സി അറിയിച്ചു. ഇവിടെ നിന്ന് ഇനി ആറ് പേരെ കൂടി കണ്ടെത്താനുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചയും മഴ തുടര്‍ന്നതോടെ മുംബൈയിലെ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകളും തടസ്സപ്പെട്ടു. സെന്‍ട്രല്‍ മെയിന്‍ ലൈന്‍, ഹാര്‍ബര്‍ ലൈന്‍ എന്നിവിടങ്ങളിലെ സര്‍വീസുകളെയാണ് കനത്ത മഴ ബാധിച്ചത്.

Related News