അച്ഛന്‍ നേരത്തെ ഉപേക്ഷിച്ചു, അമ്മയെ കൊവിഡ് കൊണ്ടുപോയി; കുവൈറ്റ് പ്രവാസികൾക്ക് നൊമ്പരമായി ഒരു വയസുകാരി.

  • 18/07/2021

കുവൈത്ത് സിറ്റി: താങ്ങും തണലുമായ അമ്മയെ കൊവിഡ് കൊണ്ട് പോയതോടെ ഒറ്റയ്ക്കായി പോയ ഒരു വയസുകാരി എവിന്‍ നൊമ്പരമായി മാറുന്നു. എവിന്‍റെ ജനനത്തിന് നാല് മാസം മുമ്പ് തന്നെ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിഞ്ഞ അച്ഛന്‍ സ്വരാജ്യമായ ഫിലിപ്പിയന്‍സിലേക്ക് പോയിരുന്നു. 

കഴിഞ്ഞ മെയില്‍ ഒരു വയസ് തികഞ്ഞ എവിന്‍റെ എല്ലാമെല്ലാമായ അമ്മ മേരി ക്രിസിനെ (38) കൊവിഡ് മഹാമാരി കവര്‍ന്നെടുക്കുകയും ചെയ്തു. കൊവിഡ് ബാധിച്ച് മരിച്ചത് കൊണ്ട് കുവൈത്തില്‍ തന്നെ മേരിയുടെ അന്ത്യകര്‍മ്മങ്ങളും നടന്നു. മേരിയുടെ മുന്‍ സഹപ്രവര്‍ത്തക ജാസി ഒലിബയാണ് ഇപ്പോള്‍ കുഞ്ഞിനെ ഏറ്റെടുത്തിട്ടുള്ളത്. 

മേരിയെ ആറ് വര്‍ഷമായി അറിയാമെന്നും തന്‍റെ അയല്‍ക്കാരിയായിരുന്നുവെന്നും മുമ്പ് ജോലി ചെയ്തിരുന്ന കമ്പനിയുടെ മാനേജര്‍ ആയിരുന്നുവെന്നും ഒലിബ പറഞ്ഞു. എവിന്‍ ജനിക്കുന്നതിന് നാല് മാസം മുമ്പാണ് അച്ഛന്‍ കുവൈത്തില്‍ നിന്ന് പോയത്. ഇവിടെ നിന്ന് ആരും വിളിക്കാതിരിക്കാനായി ഫോണ്‍ നമ്പറുകളും ബ്ലോക്ക് ചെയ്തു. 

ജൂണ്‍ അവസാനത്തോടെയാണ് മേരിയെ കൊവിഡ് ബാധിക്കുന്നത്. ജൂലൈ മൂന്നിന് മരിക്കുകയും ചെയ്തു. ഫിലിപ്പിയന്‍സ് എംബസിയുമായി ബന്ധപ്പെട്ടെന്നും കുഞ്ഞിനെ അവളുടെ മുത്തശ്ശിയുടെ അടുത്തേക്ക് എത്തിക്കാനുള്ള നടപടകള്‍ ചെയ്യുകയാണെന്നും ഒലിബ പറഞ്ഞു. 

രണ്ടാഴ്ചയില്‍ കൂടുതല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സമയം വേണ്ടി വരും. ഇപ്പോള്‍ കുഞ്ഞ് തന്‍റെ സംരക്ഷണയിലാണെന്നും സുഹൃത്തുകള്‍ സഹായിക്കുന്നുണ്ടെന്നും ഒലിബ കൂട്ടിച്ചേര്‍ത്തു. എന്നാൽ എപ്പോഴും തന്റെ അമ്മയെ അന്യോഷിക്കുന്ന എവിൻറെ മുന്നിൽ തനിക്ക് മറുപടിയില്ലെന്നുള്ളതാണ് തന്നെ നൊമ്പരപ്പെടുത്തുന്നതെന്നും  ഒലിബ.

Related News