IDF ഹെല്‍ത്ത് ഗൈഡ് പുറത്തിറങ്ങി; കൊവിഡിനെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ മനസിലാക്കാമെന്ന് ഇന്ത്യന്‍ അംബാസിഡർ സിബി ജോർജ്.

  • 18/07/2021

കുവൈത്ത് സിറ്റി: കൊവിഡിനെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങളുമായി പുറത്തിറക്കിയ  ഐഡിഎഫ് ഹെല്‍ത്ത് ഗൈഡ് ഏറെ ഉപയോഗപ്രദമെന്ന് കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്. കൊവിഡ് സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ഇതിലൂടെ മനസിലാക്കാമെന്നും ആരോഗ്യ രംഗത്തെ വിദഗ്ധര്‍ എളുപ്പത്തില്‍ മനസിലാകുന്ന വിധത്തില്‍ എല്ലാം വിശദീകരിച്ച് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യൻ ഡോക്ടർസ് ഫോറം (IDF ) ഹെല്‍ത്ത് ഗൈഡ് പ്രകാശന ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സൗജന്യമായി ഹെല്‍ത്ത് ഗൈഡ് പുറത്തിറക്കിയതില്‍ ഐഡിഎഫിനെ അഭിനന്ദിച്ച സ്ഥാനപതി എഡിറ്റോറിയല്‍ ടീമിന്‍റെ കഠിനാധ്വാനത്തെയും പ്രശംസിച്ചു. കൂടാതെ ഇന്ത്യൻ ഡോക്ടർസ് ഫോറം കോവിഡ് മഹാമാരി കാലത്തു ഇന്ത്യൻ പ്രവാസി സമൂഹത്തിന് ചെയ്ത ആരോഗ്യ സേവനങ്ങൾ വിലമതിക്കാനാകാത്തതാണെന്നും അദ്ദേഹം സൂചിപ്പിച്ചു. 

കൊവിഡ് പ്രതിസന്ധി സമയത്ത് രാജ്യത്തുള്ള ഇന്ത്യക്കാര്‍ക്ക് പിന്തുണയും സംരക്ഷണവും നല്‍കിയ കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിനും കിരീടാവകാശി ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിനും സ്ഥാനപതി നന്ദി അറിയിച്ചു. എല്ലാവര്‍ക്കും സ്ഥാനപതി സിബി ജോര്‍ജ് ബലിപെരുന്നാള്‍ ആശംസകളും നേര്‍ന്നു. 

കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിലെ അസി. അണ്ടര്‍ സെക്രട്ടറി ഡോ. മുഹമ്മദ് അല്‍ കഷ്ടി, കുവൈറ്റ് മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. അഹമ്മദ് തുവൈനി അല്‍ എനിസി, കിംസ് സെക്രട്ടറി ജനറല്‍ ഡോ. ഫവാസ് അല്‍ റിഫയി, ഐഡിഎഫ് പ്രസിഡന്റ് ഡോ. അമീര്‍ അഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു. 

Related News