പെരുന്നാള്‍ അവധി; വിമാനത്താവളത്തില്‍ തിരക്കേറുന്നു

  • 18/07/2021

കുവൈത്ത് സിറ്റി :  പെരുന്നാള്‍ അവധിയെ തുടര്‍ന്ന് വിമാനത്താവളത്തില്‍ തിരക്കേറുന്നു. വാരാന്ത്യ അവധി ദിനങ്ങള്‍ ഉള്‍പ്പടെ ഒമ്പത് ദിവസമാണ് ബലി പെരുന്നാളിന് സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ക്ക്  അവധി ലഭിച്ചിരിക്കുന്നത്. അതിനിടെ കുവൈത്തിൽനിന്ന് പെരുന്നാൾ ആഘോഷത്തിനായി ഇക്കുറി വിദേശ രാജ്യങ്ങളിലേക്ക് ഒരു ലക്ഷത്തിലേറെ ആളുകള്‍ യാതയാകുമെന്നാണ് കരുതുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തിരക്ക് കുറഞ്ഞ വിമാനത്താവളത്തില്‍ ഒരു ഇടവേളക്ക് ശേഷമാണ് വീണ്ടും സജീവമാകുന്നത്. അവധി ദിവസങ്ങളില്‍  420 ളം വിമാന സര്‍വീസുകളിലായി 120,000 യാത്രക്കാര്‍ പുറപ്പെടും. ഇതിൽ ഭൂരിഭാഗവും യൂറോപ്യൻ രാജ്യങ്ങളിലും അറബ് രാജ്യങ്ങളിലും അവധി ആഘോഷിക്കാൻ പോകുന്ന കുവൈത്തികളാണ്. തുർക്കി, മാലിദ്വീപ്, ജോർജിയ, ബോസ്നിയ, അസർബൈജാൻ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലേക്കാണ് കൂടുതൽ സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. 

യാത്രക്കാരുടെ തിരക്കുകള്‍ നിയന്ത്രിക്കുന്നതിനായി എല്ലാ സൗകര്യങ്ങളും വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയതായി സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്ട്രേഷന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഹബീബ്  അബ്ബാസ് അറിയിച്ചു. 70 വിമാനങ്ങളിൽ 11,000 യാത്രക്കാരാണ് ശനിയാഴ്ച മാത്രം പുറപ്പെട്ടത്. യാത്ര നിരോധനത്തെ തുടര്‍ന്ന് വിദേശികള്‍ക്ക് കുവൈത്തിലേക്ക് പ്രവേശിക്കുവാന്‍ സാധിക്കാത്തതിനാല്‍ സ്വദേശികള്‍ മാത്രമാണ് യാത്രക്കൊരുങ്ങുന്നത്. പെരുന്നാള്‍ തിരക്ക് പ്രമാണിച്ച് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രതിദിന യാത്രക്കാരുടെ പരിധി 3,500ൽനിന്ന് 5,000 ആക്കി ഉയർത്തിയിരുന്നു. 

Related News