ഡാനിഷ് സിദ്ദീഖിയ്ക്ക്‌ ജാമിയ സർവകലാശാലയിലെ ശ്മശാനത്തിൽ അന്ത്യവിശ്രമം

  • 18/07/2021


ന്യൂ ഡെൽഹി: അഫ്ഗാനിസ്ഥാനിൽ താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ മാധ്യമ പ്രവർത്തകൻ ഡാനിഷ് സിദ്ദീഖിയുടെ മൃതദേഹം ഡെൽഹിയിലെ ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയിലെ ശ്മശാനത്തിൽ സംസ്കരിക്കും. സിദ്ദീഖിയുടെ മ‍ൃതദേഹം ഇവിടെ സംസ്കരിക്കണമെന്ന കുടുംബാംഗങ്ങളുടെ അഭ്യർഥന അംഗീകരിക്കുന്നതായി സർവകലാശാല വൈസ് ചാൻസലർ പ്രസ്താവനയിൽ അറിയിച്ചു. 

സർവകലാശാല ജീവനക്കാർ, അവരുടെ പങ്കാളികൾ, പ്രായപൂർത്തിയാകാത്ത കുട്ടികൾ എന്നിവരുടെ മൃതദേഹങ്ങളാണ് സാധാരണയായി ഈ ശ്മശാനത്തിൽ സംസ്കരിക്കാറുള്ളത്. എന്നാൽ ഡാനിഷിനായി ഇതിൽ മാറ്റം വരുത്തുകയാണെന്നും വൈസ് ചാൻസലർ പറഞ്ഞു. ജാമിയയിലെ പൂർവവിദ്യാർഥിയാണ് ഡാനിഷ്. ഇക്കണോമിക്സിൽ ബിരുദവും മാധ്യമപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദവും ഇവിടെനിന്ന് സ്വന്തമാക്കി.

സിദ്ദീഖിയുടെ പിതാവും ജാമിയയിലെ പ്രഫസറായിരുന്നു. പുലിറ്റ്സർ പുരസ്കാര ജേതാവായ സിദ്ദീഖി, റോയിട്ടേഴ്സ് വാർത്താ ഏജൻസിയുടെ ചീഫ് ഫൊട്ടോഗ്രഫറായി ജോലി ചെയ്യവേയാണു ദാരുണാന്ത്യമുണ്ടായത്. പാക്കിസ്ഥാൻ അതിർത്തിയോടു ചേർന്ന അഫ്ഗാൻ പട്ടണമായ സ്പിൻ ബോൽദാക്കിൽ അഫ്ഗാൻ സേനയ്ക്കു നേരെ താലിബാൻ നടത്തിയ ആക്രമണത്തിലാണു സിദ്ദീഖി കൊല്ലപ്പെട്ടത്.

Related News