എസ്.എം.എസ് വഴി അപ്പോയിന്‍റ്മെന്‍റ് ലഭിച്ചവർക്ക് മാത്രമേ വാക്സിനേഷന്‍ നല്‍കുകയുള്ളൂവെന്ന് ആരോഗ്യ മന്ത്രാലയം.

  • 18/07/2021

കുവൈത്ത് സിറ്റി : ആരോഗ്യ മന്ത്രാലയത്തില്‍ നിന്നും ലഭിക്കുന്ന  ടെക്സ്റ്റ്‌ മെസേജ് വഴി അപ്പോയിന്‍റ്മെന്‍റ് ലഭിവര്‍ക്കുന്നവര്‍ക്ക് മാത്രമേ രാജ്യത്ത് വാക്സിനേഷന്‍ നല്‍കുകയുള്ളൂവെന്നും മറ്റുള്ള വാര്‍ത്തകള്‍  അഭ്യൂഹങ്ങൾ മാത്രമാണെന്നും അധികൃതര്‍ അറിയിച്ചു. കുവൈത്തിലെ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ടെക്സ്റ്റ്‌ മെസ്സേജുകള്‍ ലഭിക്കാത്തവര്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കുമെന്ന വ്യാജ പ്രചരണത്തെ തുടര്‍ന്ന് വന്‍ തിരക്കാണ് ഇന്ന് അനുഭവപ്പെട്ടത്. കോവിഡ് വ്യാപനം നിയന്ത്രണവിധേയമായി വരുന്നതേയുള്ളൂവെന്നും ഇത്തരം സാഹചര്യത്തില്‍ സാമുഹ്യ അകലം പാലിക്കാതെ കൂട്ടം കൂടി നില്‍ക്കുന്നത് ഒരു രീതിയിലും അനുവദിക്കാന്‍ സാധിക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 

വാക്സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് കുറക്കുവാന്‍ വേണ്ടിയാണ് മുന്‍ കൂട്ടി  കൂടിക്കാഴ്‌ചകൾ നല്‍കുന്നതെന്നും രാജ്യത്തെ ആരോഗ്യ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പാലിക്കുവാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും അധികൃതര്‍ പറഞ്ഞു. ഓരോ ഹെല്‍ത്ത് സെന്ററുകളിലേയും സംവിധാനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനുള്ള ആളുകള്‍ക്കാണ് ദിനംപ്രതി എസ്.എം.എസുകള്‍ അയക്കുന്നത്. ഇത് വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ സുഗമമായ നടത്തിപ്പിനും സെന്ററുകള്‍ക്ക് അകത്തും പുറത്തും ജനത്തിരക്ക് കുറയ്‍ക്കാനും സഹായിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഓരോ വാക്സിനേഷന്‍ സെന്ററിലും പരമാവധി പേർക്ക് പെട്ടെന്ന് കോവിഡ് വാക്സിൻ നൽകാനാണ് ആരോഗ്യ മന്ത്രാലയം ശ്രമിക്കുന്നതെന്നും ആരോഗ്യ വൃത്തങ്ങള്‍ വ്യക്തമാക്കി. 

Related News