രാജ്യത്ത് പ്രതിദിന കൊറോണ കേസുകളില്‍ വീണ്ടും കുറവ്

  • 19/07/2021

ന്യൂഡെല്‍ഹി: രാജ്യത്ത് പ്രതിദിന കൊറോണ കേസുകളില്‍ വീണ്ടും കുറവ്. 38,164 കേസുകളാണ് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് കൊറോണ കേസുകളില്‍ കുറവുണ്ടാകുന്നു എന്നത് ആശ്വാസകരമാണ്.

രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 3,11,44,229 ആയി. 4,21,665 സജീവ കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്. 3,03,08,456 പേര്‍ക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസം 38,660 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

പുതിയ കേസുകളില്‍ എന്ന പോലെ കൊറോണ മരണങ്ങളിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 499 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ 4,14,108 പേരാണ് കൊറോണയ്ക്ക് കീഴടങ്ങിയത്.

രാജ്യത്ത് കൊറോണ പരിശോധന കഴിഞ്ഞദിവസങ്ങളില്‍ വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,63,593 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലത്തെ കണക്കുകള്‍ കൂടി ചേര്‍ന്നതോടെ ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 44,54,22,256 ആയി ഉയര്‍ന്നെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വ്യക്തമാക്കി.

അതേസമയം രാജ്യത്തെ പ്രതിദിന കൊറോണ കേസുകളില്‍ കേരളം തന്നെയാണ് ഒന്നാമത് നില്‍ക്കുന്നത്. 13,956 പേര്‍ക്കായിരുന്നു സംസ്ഥാനത്ത് ഇന്നലെ കൊറോണ സ്ഥിരീകരിച്ചത്. രണ്ടാമതുള്ള മഹാരാഷ്ട്രയില്‍ 9,000 കേസുകളും ആന്ധ്രാപ്രദേശില്‍ 2,974 കേസുകളുമാണ് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത്.

Related News