കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു

  • 19/07/2021

കുവൈത്ത് സിറ്റി : കുട്ടികൾക്കുള്ള വാക്സിനേഷന്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 12 നും 15 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് ഞായറാഴ്ച മുതല്‍ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചത്.  രജിസ്റ്റര്‍ ചെയ്ത കുട്ടികള്‍ക്ക് അപ്പോയൻറ്​മെൻറ്​ വിവരങ്ങൾ എസ്.എം.എസ് സന്ദേശങ്ങള്‍  അയച്ചു തുടങ്ങിയതായും വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് കുത്തിവെപ്പ് നല്‍കുമെന്നും അധികൃതര്‍ പറഞ്ഞു. 12 വയസ്സിന്​ മുകളിലുള്ളവർക്ക്​ വാക്​സിൻ നൽകുന്നതുകൊണ്ട്​ ആരോഗ്യ പ്രശ്​നങ്ങളില്ലെന്ന് ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കിയിരുന്നു. 

അടുത്ത മാസം സ്കൂള്‍ തുറക്കുന്നതിനാല്‍ ഓഗസ്റ്റ്‌ മാസത്തില്‍ തന്നെ രണ്ട്​ ഡോസ്​ വാക്​സിനും നൽകാനാണ്​ ലക്ഷ്യമിടുന്നത്​.ഫൈസര്‍ വാക്സിനാണ് കുട്ടികള്‍ക്ക് നല്‍കുക. യൂറോപ്യൻ മെഡിസിൻസ്​ ഏജൻസിയും അമേരിക്കയിലേയും  കാനഡയിലേയും ആരോഗ്യ വിദഗ്ദരും  കുട്ടികള്‍ക്ക് ഫൈസര്‍ വാക്സിന്‍ നല്‍കുന്നത് അംഗീകരിച്ചിരുന്നു. സ്കൂളിലേക്ക് സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കുവാന്‍ വാക്സിനേഷന്‍ നിര്‍ബന്ധമാണെന്നും പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പായി കുട്ടികൾക്ക് വാക്സിനേഷൻ നല്‍കുവാന്‍ സാധിക്കുമെന്നും ആരോഗ്യ വൃത്തങ്ങള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. 

Related News