നീലച്ചിത്രങ്ങള്‍ നിര്‍മ്മിച്ച് മൊബൈല്‍ ആപ്പുകളില്‍ വിറ്റു; നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

  • 20/07/2021



മുംബൈ: നീലച്ചിത്രങ്ങള്‍ നിര്‍മിച്ച് മൊബൈല്‍ ആപുകളില്‍ വില്‍പന നടത്തിയ കേസില്‍ ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്ര അറസ്റ്റില്‍. കഴിഞ്ഞ ഫെബ്രുവരിയില്‍ മുംബൈ പൊലീസ് െ്രെകംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ഒമ്ബതു പേര്‍ നേരത്തെ പിടിയിലായിട്ടുണ്ട്.

തിങ്കളാഴ്ച ചോദ്യം ചെയ്യാനായി വിളിപ്പിച്ച കുന്ദ്രയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നീലച്ചിത്രങ്ങള്‍ നിര്‍മിച്ച് മൊബൈല്‍ ആപുകള്‍ വഴി വില്‍പന നടത്തിയ സംഭവത്തില്‍ ആസൂത്രകനാണെന്ന് തിരിച്ചറിഞ്ഞാണ് നടപടിയെന്ന് മുംബൈ പൊലീസ് കമീഷണര്‍ ഹേമന്ദ് നഗ്രാലെ പറഞ്ഞു.

വെബ് സീരിയലുകളില്‍ അവസരം വാഗ്ദാനം ചെയ്ത് സ്ത്രീകളെ അഭിനയിക്കാനായി കൊണ്ടുവന്ന് ഇത്തരം ചിത്രങ്ങളില്‍ വേഷമിടാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് െ്രെകംബ്രാഞ്ച് പറഞ്ഞു. നിശ്ചിത തുക ഈടാക്കി ഈ സിനിമകള്‍ മൊബൈല്‍ ആപുകളില്‍ ലഭ്യമാക്കും. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ അശ്ലീല സിനിമകള്‍ വില്‍പന നടത്തുന്ന കമ്പനികളിലൊന്നുമായി ബന്ധപ്പെട്ടാണ് രാജ് കുന്ദ്രയുടെ പേര് പുറത്തെത്തിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം മഹാരാഷ്ട്ര സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത സമാന കേസിലും അദ്ദേഹം പ്രതിയാണ്. ഈ കേസില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ അടുത്തയാഴ്ച പരിഗണിക്കാനിരിക്കെയാണ് നടപടി.

വഞ്ചനാകുറ്റത്തിന് പുറമെ പൊതു സ്ഥലങ്ങളില്‍ അശ്ലീല രംഗങ്ങളില്‍ ഏര്‍പെടല്‍, അശ്ലീല സാഹിത്യം പ്രചരിപ്പിക്കലും പൊതു ഇടങ്ങളിലും പ്രദര്‍ശിപ്പിക്കലും തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.

Related News