പ്രവാസികളുടെ തിരിച്ചുവരവ് ; തീരുമാനം നടപ്പിലാകാന്‍ ഒരാഴ്ച മാത്രം സമയം, ആശങ്കകള്‍ ബാക്കി

  • 24/07/2021

കുവൈത്ത് സിറ്റി: പ്രവാസികൾക്ക്  വ്യവസ്ഥകള്‍ പാലിച്ച് കുവൈത്തിലേക്ക് പ്രവേശനം അനുവദിച്ച തീരുമാനം നടപ്പിലാകാന്‍ ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോഴും വ്യക്തത വരാന്‍ കാര്യങ്ങളേറെ. പുതിയ ഒരു തീരുമാനം വരാത്ത സാഹചര്യത്തില്‍ മന്ത്രിസഭ എടുത്ത ഈ തീരുമാനത്തിന് കൊറോണയെ നേരിടുന്ന ഉന്നത മന്ത്രിതല കമ്മിറ്റിയുടെ ഇളവ് ആവശ്യമില്ലെന്നാണ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. 

ഓഗസ്റ്റ് ഒന്നിന് മുമ്പ് ചില  ജോലികള്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് രാജ്യത്തേക്ക് പ്രവേശിക്കാന്‍ കൊവിഡ് കമ്മിറ്റി അനുവാദം നല്‍കിയിരുന്നത്. കുവൈത്ത് അംഗീകരിച്ച് വാക്സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്കും സാധുവായ താമസ വിസയുള്ളവര്‍ക്കും മാത്രമാണ് ഓഗസ്റ്റ് ഒന്ന് മുതല്‍ പ്രവേശനം അനുവദിച്ചിട്ടുള്ളത്. 

വിമാനം കയറുന്നതിന് 72 മണിക്കൂര്‍ മുമ്പുള്ള പിസിആര്‍ പരിശോധന ഫലം കൈയില്‍ കരുതണം. രാജ്യത്തെത്തി ഏഴ് ദിവസം ഹോം ക്വാറന്‍റൈന്‍. ആദ്യ മൂന്ന് ദിവസം കഴിയുമ്പോ പിസിആര്‍ പരിശോധനയും നടത്തണമെന്നാണ് വ്യവസ്ഥകള്‍. 

എന്നാല്‍, കുവൈത്തികള്‍ അല്ലാത്തവരുടെ വാക്സിന്‍ സര്‍ട്ടിഫിക്കേറ്റുകള്‍ക്ക് അനുമതി നല്‍കുന്ന സംവിധാനം ഇതുവരെ തയാറായിട്ടില്ല. ഒപ്പം കുവൈത്തികള്‍ അല്ലാത്തവരെ നേരിട്ട് പ്രവേശിപ്പിക്കുമോയെന്ന ചോദ്യത്തിന് അത് മന്ത്രിസഭ തീരുമാനമെടുക്കേണ്ട കാര്യമാണെന്നും മഹാമാരിയുടെ സാഹചര്യത്തില്‍ തീരുമാനം റദ്ദാക്കുന്ന സാഹചര്യം വരെ പ്രതീക്ഷിക്കുന്നുണ്ടെന്നുമുള്ള വൃത്തങ്ങളുടെ മറുപടി ആശങ്ക കൂട്ടുന്നു.

Related News