ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ ജൂലൈയിലെ ആദ്യ മൂന്നാഴ്ചയിൽ മികച്ച മുന്നേറ്റം

  • 24/07/2021


ന്യൂ ഡെൽഹി: രാജ്യത്ത് നിന്നുള്ള കയറ്റുമതിയിൽ ജൂലൈയിലെ ആദ്യ മൂന്നാഴ്ചയിൽ മികച്ച മുന്നേറ്റം. 45.13 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 22.48 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് ജൂലൈ ഒന്ന് മുതൽ 21 വരെ നടന്നത്. ആഭരണം, പെട്രോളിയം, എഞ്ചിനീയറിങ് എന്നീ സെക്ടറുകളിലെ വളർച്ചയാണ് നേട്ടമായത്.

ഇറക്കുമതിയും വർധിച്ചിട്ടുണ്ട്. 64.82 ശതമാനം വളർച്ചയോടെ 31.77 ബില്യൺ ഡോളറിന്റെ ഇറക്കുമതിയാണ് നടന്നത്. ഇതോടെ വ്യാപാര കമ്മി 9.29 ബില്യൺ ഡോളറായി. ആഭരണ കയറ്റുമതി 424.5 ദശലക്ഷം ഡോളറിന്റേതായിരുന്നു. പെട്രോളിയം കയറ്റുമതി 923.33 ദശലക്ഷം ഡോളറും എഞ്ചിനീയറിങ് കയറ്റുമതി 551.4 ദശലക്ഷം ഡോളറിന്റേതുമായിരുന്നു.

പെട്രോളിയം, ക്രൂഡ് ഓയിൽ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി 77.5 ശതമാനം ഉയർന്ന് 1.16 ബില്യൺ ഡോളറിലേക്ക് എത്തി. അമേരിക്ക, യുഎഇ, ബ്രസീൽ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി 51 ശതമാനം ഉയർന്നു. 493.24 ദശലക്ഷം ഡോളറിന്റെ കയറ്റുമതിയാണ് ഈ മൂന്ന് രാജ്യങ്ങളിലേക്കും ഉണ്ടായത്. അമേരിക്കയിലേക്ക് മാത്രം 373.36 ദശലക്ഷം ഡോളറിന്റെ കയറ്റുമതി ഉണ്ടായി.

Related News