കുവൈത്ത് കോവിഡ് കമ്മ്യൂണിറ്റി പ്രതിരോധശേഷിയിലേക്ക്

  • 25/07/2021

കുവൈത്ത് സിറ്റി : ഒക്ടോബറോടെ കുവൈത്ത് കമ്മ്യൂണിറ്റി പ്രതിരോധശേഷി കൈവരിക്കുമെന്ന്  പ്രതീക്ഷിക്കുന്നതായി ആരോഗ്യ വൃത്തങ്ങള്‍ അറിയിച്ചു.അടുത്ത രണ്ട് മാസത്തിനുള്ളില്‍  70 ശതമാനം ജനങ്ങൾക്കും വാക്സിനേഷന്‍ നല്‍കുവാനാണ് ലോകാരോഗ്യ സംഘടന രാജ്യങ്ങളോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇത് വരെയായി രാജ്യത്ത് 26,22,050 പേരാണ് വാക്സിന്‍ സ്വീകരിച്ചിരിക്കുന്നത്. സാമുഹിക പ്രതിരോധ ശേഷി  നേടുന്നതിന് കുവൈത്തിലെ ജനസംഖ്യയുടെ 70 ശതമാനത്തിലെത്താൻ ഏകദേശം മുപ്പത് ലക്ഷത്തിലധികം ആളുകൾക്ക് വാക്സിന്‍ നല്‍കേണ്ടതുണ്ട്. നിലവിലെ സൂചന പ്രകാരം  ഒക്ടോബര്‍ മാസത്തോടെ ലക്ഷ്യത്തില്‍ എത്തുമെന്നാണ് ആരോഗ്യ മന്ത്രാലയം പ്രതീക്ഷിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ വാക്സിൻ ലഭ്യമാകുന്നതോടെ പ്രതിരോധ കുത്തിവെപ്പിന്‍റെ വേഗത വര്‍ദ്ധിപ്പിക്കുനാവുമെന്നാണ് അധികൃതര്‍ കണക്ക്കൂട്ടുന്നത്. 


ഇപ്പോയത്തെ സാഹചര്യത്തില്‍ കോവിഡിനെതിരെ വാക്സിനേഷന്‍ മാത്രമാണ്  ഫലപ്രദമെന്നും  വാക്സിനേഷന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാത്ത രാജ്യനിവാസികള്‍ ഉണ്ടെങ്കില്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആരോഗ്യ മന്ത്രാലയം അഭ്യര്‍ഥിച്ചു. വാക്സിനേഷനായി ടെക്സ്റ്റ്‌ മെസ്സേജുകള്‍ ലഭിച്ചവര്‍ കോവിഡ് കേന്ദ്രങ്ങളില്‍ ആരോഗ്യ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ഓരോ ഹെല്‍ത്ത് സെന്ററുകളിലെയും സംവിധാനങ്ങള്‍ക്ക് നിശ്ചിത എണ്ണം ആളുകളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണുള്ളത്. അതുകൊണ്ടുതന്നെ വാക്സിന്‍ സ്വീകരിക്കുന്നതിനായി സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ലഭിച്ചിട്ടുള്ള എസ്.എം.എസിലെ തീയ്യതിയും സമയവും പരിശോധിച്ച് അതിനനുസരിച്ച് തന്നെ എത്തിച്ചേരണം. ഇത് വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ സുഗമമായ നടത്തിപ്പിനും സെന്ററുകള്‍ക്ക് അകത്തും പുറത്തും ജനത്തിരക്ക് കുറയ്‍ക്കാനും സഹായിക്കുമെന്നും അധികൃതര്‍ പറഞ്ഞു.  

Related News