അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം

  • 25/07/2021

കുവൈത്ത് സിറ്റി : വാക്സിനുകളുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഭയമല്ല, ജാഗ്രതയാണ് ഇപ്പോൾ വേണ്ടത്. തുടര്‍ച്ചയായി ഭീതിപരത്തുന്ന പ്രചാരണം സാമൂഹ്യമാധ്യമങ്ങളിൽ തുടങ്ങിയിട്ടുണ്ട്.കൊവിഡിനെ കുറിച്ച് ഭീതി പരത്തുന്ന രീതിയിൽ പ്രചാരണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ആരോഗ്യ വൃത്തങ്ങള്‍ വ്യക്തമാക്കി. ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള കൂട്ടായ ശ്രമമാണ് രാജ്യത്ത് നടക്കുന്നത്. സൈബർ സെല്ലിന്‍റെ സഹായത്തോടെ ഇത്തരത്തിൽ ഭീതി പരത്തുന്നവരെ കണ്ടെത്തി കർശന നടപടിയെടുക്കുവാനുള്ള നടപടികള്‍ സ്വീകരിക്കും. രാജ്യത്തിന്റെ ആരോഗ്യ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനുകളാണ്   കുവൈത്തിൽ ഉപയോഗിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 

രാജ്യത്ത് ഉപയോഗിക്കുന്ന രണ്ട് കോവിഡ് വാക്‌സിനുകളും സുരക്ഷിതവും രോഗപ്രതിരോധ ശേഷിയുള്ളതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരത്തുന്നത് ജനങ്ങൾക്കിടയിൽ അനാവശ്യമായ സംശയങ്ങള്‍ക്ക് ഇടയാക്കും. അതിനാല്‍, വാക്‌സിനുകളുടെ സുരക്ഷയും രോഗപ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ട  അടിസ്ഥാന രഹിതമായ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.  ആധികാരികത ഉറപ്പിച്ച വാർത്തകൾ മാത്രമേ പ്രചരിപ്പിക്കാവൂവെന്ന്  അധികൃതര്‍ അറിയിച്ചു.. 

Related News