എറ്റവും പുതിയ കോവിഡ് വാക്സിനായ 'കോർബിവാക്സ്' സെപ്റ്റംബർ അവസാനത്തോടെ

  • 26/07/2021



ന്യൂഡൽഹി: എറ്റവും പുതിയ കോവിഡ് വാക്സിനായ 'കോർബിവാക്സ്' സെപ്റ്റംബർ അവസാനത്തോടെ പുറത്തിറങ്ങുമെന്ന് സൂചന. ഹൈദരാബാദ് ആസ്ഥാനമായ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ 'ബയോളജിക്കൽ ഇ'യാണ് വാക്സിൻ നിർമാണം ഏറ്റെടുത്തിരിക്കുന്നത്.

ആദ്യ രണ്ടു ഘട്ട പരീക്ഷണങ്ങളിൽ വിജയം കണ്ട കോർബിവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

സർക്കാരിന്റെ ബയോടെക്നോളജി വിഭാഗം ബയോളജിക്കൽ ഇയുമായി ചേർന്ന് ഗവേഷണ പദ്ധതികൾ നടത്തും. ഏതാണ്ട് നൂറു കോടി രൂപയുടെ സാമ്പത്തിക സഹായം ഗ്രാന്റിനത്തിൽ കമ്പനിക്ക് ലഭിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ആർബിഡി പ്രോട്ടീൻ സബ്-യൂണിറ്റ് വാക്സിനായ കോർബിവാക്സിന്റെ പ്രീക്ലിനിക്കൽ ഘട്ടം തുടങ്ങിയുള്ള പരീക്ഷണങ്ങളുടെ ചെലവ് സർക്കാർ ഏറ്റെടുത്തിരുന്നു.

ഭാരത് ബയോടെക്ക് നിർമിക്കുന്ന 'അഡീനോ ഇൻട്രാനേസൽ വാക്സിൻ' ഉൾപ്പെടെ നാലു വാക്സിനുകളുടെ പരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്. നിലവിൽ രാജ്യത്ത് കോവിഷീൽഡ്, കോവാക്സിൻ, സ്പുട്നിക് എന്നീ വാക്സിനുകൾക്കാണ് ഉപയോഗാനുമതി ലഭിച്ചിരിക്കുന്നത്.

രാജ്യത്തെ വാക്സിൻ പരീക്ഷണങ്ങളുടെ മേൽനോട്ടച്ചുമതല കേന്ദ്ര സർക്കാരിന്റെ വാക്സിൻ ഡവലപ്പ്മെന്റ് പദ്ധതിയായ 'മിഷൻ കോവിഡ് സുരക്ഷ'യ്ക്കാണ്.

Related News