നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിച്ചത് ചരിത്രപരമായ തീരുമാനമാണെന്ന് ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്ജ്

  • 26/07/2021

കുവൈത്ത് സിറ്റി : കുവൈത്തില്‍ നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിച്ചത് ചരിത്രപരമായ തീരുമാനമാണെന്നും യാത്രാനിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ കുവൈത്തിലെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ കേന്ദ്രം ലഭിക്കുന്നത് വലിയ നേട്ടമാണെന്നും ഇന്ത്യൻ അംബാസഡർ ശ്രീ സിബി ജോർജ് പറഞ്ഞു. കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകളായി ഇന്ത്യൻ സമൂഹത്തിൽ നിന്നും പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ലഭിച്ചിരുന്നില്ല. കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ കുവൈത്തില്‍  സെന്‍റര്‍ അനുവദിച്ചത് മാതാപിതാക്കൾക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ ആശ്വാസകരമാകും.  ഇന്ത്യക്ക് പുറത്ത് ആദ്യമായി സെന്‍റര്‍ അനുവദിക്കുന്നത് കുവൈത്തിലാണ്. സെപ്റ്റംബർ 12 ന് പരീക്ഷ നടത്തുമെന്നാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് 201 കേന്ദ്രങ്ങളിലാകും പരീക്ഷ. നീറ്റ് പരീക്ഷയുടെ ചരിത്രത്തിൽ ആദ്യമായി ഗൾഫിലെ  ഇന്ത്യൻ കുട്ടികൾക്ക് സൗകര്യപ്രദമാകും വിധം കുവൈത്തിൽ കേന്ദ്രം അനുവദിച്ച കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനോടും സര്‍ക്കാരിനോടും  അംബാസഡർ നന്ദി പറഞ്ഞു. ഈ വർഷം  ജെഇഇ, നാറ്റ പരീക്ഷകളും കുവൈത്തില്‍ ആദ്യമായി നടന്നിരുന്നു. 

ഇന്ത്യൻ എംബസിയുടെ നേതൃത്വത്തില്‍  വരും ദിവസങ്ങളിൽ നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 20 എംബസി ഐസിഡബ്ല്യുഎഫ് ദിനം ആഘോഷിക്കും. കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യയെ സഹായിച്ച കുവൈത്തിലെ ജനങ്ങളോട്   നന്ദി പ്രകടിപ്പിക്കുന്നതിനായി പ്രത്യേക  പരിപാടി സംഘടിപ്പിക്കാനും എംബസി പദ്ധതിയിടുന്നുണ്ടെന്ന് അംബാസഡർ പറഞ്ഞു. കുവൈത്തിലെ ഇന്ത്യന്‍ പ്രവാസികളെ ഉള്‍പ്പെടുത്തി  ഇന്ത്യൻ ബിസിനസ് നെറ്റ്‌വർക്ക്, ഇന്ത്യൻ പ്രൊഫഷണൽ നെറ്റ്‌വർക്ക്, ഇന്ത്യൻ സ്‌പോർട്‌സ് നെറ്റ്‌വർക്ക്, കൾച്ചറൽ നെറ്റ്‌വർക്ക്, വിമൻ നെറ്റ്‌വർക്ക്, റീഡേഴ്‌സ് നെറ്റ്‌വർക്ക് തുടങ്ങിയ വിവിധ നെറ്റ്‌വർക്കുകൾ എംബസിയുടെ ആഭിമുഖ്യത്തില്‍  ആരംഭിക്കുവാന്‍ സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് സിബി ജോര്‍ജ്ജ് പറഞ്ഞു.ഇന്ത്യയില്‍ കുടുങ്ങിയ പ്രവാസികളുടെ മടങ്ങിവരവ്, വാക്സിനേഷൻ സർട്ടിഫിക്കറ്റ്, ഐസിഡബ്ല്യുഎഫ് പ്രശ്നങ്ങൾ തുടങ്ങിയവ അടുത്ത ദിവസം നടക്കാന്‍ പോകുന്ന ഓപ്പണ്‍ ഹൗസില്‍ ചര്‍ച്ച ചെയ്യുമെന്ന് അംബാസിഡര്‍ വ്യക്തമാക്കി. 

മലയാളിയായ സിബി ജോർജ്​ അംബാസഡറായി ചുമതലയേറ്റതിന്​ ശേഷം നിരവധി മാറ്റങ്ങളാണ് എംബസില്‍ കൊണ്ടുവന്നത്. കോൺസുലർ സേവനങ്ങൾ എളുപ്പമായി. പാസ്​പോർട്ട്​ സേവന കേന്ദ്രത്തിൽ പെട്ടന്ന് ​ ഇടപാട്​ പൂർത്തിയാക്കാൻ കഴിയുന്നു. വിവിധ സേവനങ്ങൾക്കായി എംബസി സന്ദർശിക്കുന്നവർക്ക് സഹായകരമായി  ഹെൽപ്പ് ഡസ്ക് സ്ഥാപിച്ചു. സന്ദര്‍ശകര്‍ക്കായി താൽക്കാലിക എയർകണ്ടീഷൻഡ് ഏരിയ സജ്ജമാക്കി.ബസ് സ്റ്റോപ്പിൽ നിന്നും എംബസിയിലേക്കുള്ള ആളുകൾക്ക് എയർകണ്ടീഷൻഡ് ഷട്ടിൽ ബസ്,എല്ലാ സന്ദർശകർക്കും ശീതീകരിച്ച ജ്യൂസ്,ആവശ്യക്കാര്‍ക്ക്  ഉച്ചഭക്ഷണ പാക്കറ്റുകൾ,സൗജന്യ നിയമസഹായം, ടെലി മെഡിക്കൽ സേവനം, കമ്യൂണിറ്റി വെൽഫെയർ ഫണ്ടിൽനിന്ന്​ നിരാലംബരായ പ്രവാസികൾക്ക്​ വിമാന ടിക്കറ്റ്​ ഉൾപ്പെടെ സഹായം  തുടങ്ങിയ നിരവധി കാര്യങ്ങളാണ് അംബാസിഡറുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ചത്.  

Related News