ഇന്ത്യയിൽ വാക്സീൻ ക്ഷാമം രൂക്ഷം: ലക്ഷ്യമിട്ട ഡോസുകൾ നൽകാനാകില്ലയെന്ന് കണക്കുകൾ

  • 27/07/2021


ന്യൂ ഡെൽഹി: രാജ്യത്ത് ആകെ വാക്സീൻ ക്ഷാമം രൂക്ഷം. ജൂലൈയിൽ ലക്ഷ്യമിട്ട ഡോസുകൾ നൽകാനാകില്ല എന്നാണ് കണക്കുകൾ വ്യക്തമാകുന്നത്. നിലവിലെ വേഗതയിലാണ് വാക്സിനേഷൻ തുടരുന്നതെങ്കിൽ 12.5 കോടി ഡോസ് വാക്സീനുകൾ മാത്രമേ ജൂലൈ അവസാനത്തോടെ കൊടുത്തു തീർക്കാനാകൂ. എന്നാൽ ലക്ഷ്യം 13.5 കോടി വാക്സീൻ വിതരണമാണ്. 60 ലക്ഷം ഡോസുകൾ ദിവസംതോറും വിതരണം ചെയ്താലേ ഈ ലക്ഷ്യം നേടാനാവൂ. ജൂലൈ മാസം രണ്ട് ദിവസം മാത്രമേ 60 ലക്ഷം ഡോസ് വാക്സീൻ വിതരണം ചെയ്യാനായിട്ടുള്ളൂ. 

ഞായറാഴ്ച വരെ 9.94 കോടി വാക്സീനുകളാണ് ജൂലൈ മാസത്തിൽ വിതരണം ചെയ്തത്. ദിവസം ഏതാണ്ട് ശരാശരി 38.26 ലക്ഷം ഡോസുകൾ എന്നതാണ് കണക്ക്. ജൂലൈ മാസത്തിലാണ് രാജ്യത്തെ വാക്സീനേഷന്‍റെ വേഗത കുറഞ്ഞത്. സാർവത്രിക സൗജന്യവാക്സീൻ എന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ജൂൺ 21-ന് 87 ലക്ഷം ഡോസ് വാക്സീൻ ഒരു ദിവസം നൽകി രാജ്യം റെക്കോഡിട്ടതാണ്. ഇതിന് ശേഷമാണ് ജൂലൈയിൽ 13.5 കോടി ഡോസുകൾ നൽകുമെന്ന് പ്രഖ്യാപിച്ചത്.

എന്നാൽ പിന്നീടുള്ള ഔദ്യോഗിക കണക്കുകൾ പരിശോധിച്ചാൽ, വാക്സിനേഷൻ വേഗത കുത്തനെ കുറയുന്നത് കാണാം. ജൂൺ 26-ന് അവസാനിക്കുന്ന ഒരാഴ്ച 4.5 കോടി വാക്സീനുകൾ വിതരണം ചെയ്തെങ്കിൽ, ജൂലൈ 25-ന്, അതായത് കഴിഞ്ഞ ഞായറാഴ്ച അവസാനിച്ച ആഴ്ച വെറും 2.8 കോടി വാക്സീൻ ഡോസുകൾ മാത്രമാണ് വിതരണം ചെയ്തത്. എങ്കിലും ജൂലൈ 23 വരെ, ആഴ്ചയിൽ ശരാശരി 1.51 കോടി ഡോസ് വാക്സീനുകൾ മാത്രമാണ് വിതരണം ചെയ്തിരുന്നതെന്നത് കണക്കിലെടുത്താൽ, നിലവിലുള്ളത് ഉയർന്ന കണക്കാണെന്ന് പറയാം. 

രാജ്യത്ത് ഇതുവരെ 34 കോടി പേർ ആദ്യഡോസ് വാക്സീനെങ്കിലും സ്വീകരിച്ചെന്നാണ് കണക്ക്. ഏതാണ്ട് 9.3 കോടി പേർക്ക് രണ്ട് ഡോസും ലഭിച്ചു. മൂന്നാം തരം​ഗ ഭീഷണി നിലനിൽക്കേ പരാവധി ആളുകളിൽ എത്രയും വേ​ഗം ഒരു ഡോസ് വാക്സീൻ എങ്കിലും എത്തിക്കാനായില്ലെങ്കിൽ അത് ​ഗുരുതര പ്രത്യാഘാതമുണ്ടാക്കിയേക്കാമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. 

കഴിഞ്ഞ 29 ദിവസമായി 50,000-ത്തിൽ താഴെയാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ നാലേകാൽ ലക്ഷത്തോളം രോഗികളാണ് രാജ്യത്ത് കൊറോണ ബാധിച്ച് ചികിത്സയിലുള്ളത്. കഴിഞ്ഞ 49 ദിവസമായി 5 ശതമാനത്തിൽ താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 

Related News