രാജ്യത്ത് ദാരിദ്ര്യം ഇല്ലായിരുന്നെങ്കില്‍ ആരും ഭിക്ഷ യാചിക്കില്ല; വരേണ്യവര്‍ഗത്തിന്റെ കാഴ്ചപ്പാട് സ്വീകരിക്കാനാകില്ല: സുപ്രീംകോടതി

  • 27/07/2021

ന്യൂഡല്‍ഹി: രാജ്യത്ത് ഭിക്ഷാടനം നിരോധിച്ച് ഉത്തരവിടില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. കൊവിഡ് വ്യാപനത്തിന് പൊതുസ്ഥലങ്ങളിലെയും ട്രാഫിക് സിഗ്‌നലുകളിലെയും ഭിക്ഷാടനം കാരണമാകുന്നെന്നും അത് നിരോധിക്കണമെന്നുമുളള പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സുപ്രീംകോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്. കേസ് പരിഗണിച്ച ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് വരേണ്യവര്‍ഗത്തിന്റെ കാഴ്ചപ്പാട് സ്വീകരിക്കാന്‍ കോടതിയ്ക്കാവില്ലെന്ന് വ്യക്തമാക്കി.

ദാരിദ്രമാണ് ഭിക്ഷാടനത്തിന് കാരണം. പൊതുസ്ഥലങ്ങളില്‍ ഭിക്ഷയാചിക്കുന്നത് മറ്റ് വഴികള്‍ ഇല്ലാത്തവരാണെന്ന് കോടതി നിരീക്ഷിച്ചു. ദാരിദ്ര്യം രാജ്യത്ത് ഇല്ലായിരുന്നെങ്കില്‍ ആരും ഭിക്ഷ യാചിക്കില്ലായിരുന്നെന്നും ജസ്റ്റ്‌സി ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എം.ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

അതേസമയം ഭിക്ഷാടനം നടത്തുന്നവരെ വാക്‌സിനേഷന്‍ നടത്തി പുനരധിവസിപ്പിക്കണം എന്ന ഹര്‍ജിയിലെ വാക്‌സിനേഷന്‍ എന്ന ആവശ്യം പരിഗണിച്ച കോടതി ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ കൈമാറാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശവും നല്‍കി. യാചകരുടെ മക്കള്‍ക്ക് വിദ്യാഭ്യാസവും അവര്‍ക്ക് തൊഴിലും നല്‍കി പുനരധിവസിപ്പിക്കാന്‍ നടപടിയുണ്ടാകണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Related News