സ്കൂളുകള്‍ സെപ്റ്റംബറില്‍ തുറക്കുമെന്ന് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം

  • 27/07/2021

കുവൈത്ത് സിറ്റി : രാജ്യത്ത് സ്കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്ക് വിദ്യാഭ്യാസ മന്ത്രാലയം അംഗീകാരം നൽകി. കുട്ടികളുടെ സുരക്ഷ  ഉറപ്പാക്കുന്നതിന് ആവശ്യമായ കര്‍ശനമായ ആരോഗ്യ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കും രാജ്യത്തെ സ്കൂളുകള്‍ സെപ്റ്റംബറില്‍ തുറക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന കൗൺസിൽ ഓഫ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറിമാരുടെ പ്രതിവാര യോഗത്തില്‍ പദ്ധതികളെ കുറിച്ച് വിശദമായ ചര്‍ച്ച നടത്തിയതായി വിദ്യാഭ്യാസ മന്ത്രാലയം അണ്ടർസെക്രട്ടറി പ്രൊഫ. ഡോ. അലി അൽ യാക്കൂബ് അറിയിച്ചു.സ്കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മൂന്ന് പ്രധാന നിര്‍ദ്ദേശങ്ങളാണ് ചര്‍ച്ച ചെയ്തത്.ഇത് സംബന്ധമായ  അന്തിമ തീരുമാനം   മന്ത്രിസഭ കൈക്കൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പദ്ധതികളും നടപടിക്രമങ്ങളും നടപ്പാക്കുന്നതിനായി സ്‍കൂള്‍ അധികൃതരുമായി ചേര്‍ന്ന് ആസൂത്രണം നടത്തിവരികയാണ്. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുന്ന എല്ലാവര്‍ക്കും സുരക്ഷിത അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനായി എല്ലാ സ്കൂളുകളും മതിയായ സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും  മന്ത്രാലയം അറിയിച്ചു

കോവിഡ് രോഗ ലക്ഷണങ്ങള്‍ ഉള്ളവരും രോഗികളുമായി സമ്പര്‍ക്കം ഉണ്ടായവരുമായ കുട്ടികള്‍ സ്‌കൂളുകളില്‍ യാതൊരു കാരണവശാലും എത്തരുത്.കുട്ടികളെ സ്‌കൂളുകളില്‍ എത്തിക്കുമ്പോഴും തിരികെ കൂട്ടിക്കൊണ്ടു പോകുമ്പോഴും രക്ഷിതാക്കള്‍ സ്‌കൂള്‍ പരിസരങ്ങളില്‍ കൂട്ടം കൂടി നില്‍ക്കരുത്. എല്ലാ സ്‌കൂളുകളിലും സാനിറ്റൈസര്‍, തെര്‍മല്‍ സ്‌കാനര്‍ ഉള്‍പ്പടെയുള്ള കോവിഡ് സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കും. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്. ഒരുകാരണവശാലും മാസ്‌ക് താഴ്ത്തിവയ്ക്കാനോ ഉപയോഗിക്കാതിരിക്കാനോ അനുവദിക്കില്ല. സ്‌കൂളില്‍ എത്തുന്ന കുട്ടികള്‍ രക്ഷിതാക്കളുടെ സമ്മതപത്രം ഹാജരാക്കണം. ഇത് നേരത്തെ തന്നെ സ്കൂള്‍ അധികൃതര്‍  കുട്ടികള്‍ക്ക് അയച്ചുകൊടുക്കണമെന്നും അധികൃതര്‍ പറഞ്ഞു. പുതു അധ്യയന വര്‍ഷവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയം ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗൈഡ് പുറത്തിറക്കിയതായും സ്കൂൾ സമയവുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും അക്കാദമിക് കലണ്ടറും ഗൈഡില്‍ ഉള്‍പ്പെടുത്തിയതായും അധികൃതര്‍ വ്യക്തമാക്കി. 

Related News