പ്രവാസികള്‍ക്ക് ആശ്വാസം; വിദേശികള്‍ക്ക് കുവൈത്തിലേക്ക് മടങ്ങിവരാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സിവിൽ വ്യോമയാന മന്ത്രാലയം

  • 27/07/2021

കുവൈത്ത്‌ സിറ്റി : വിദേശികളുടെ പ്രവേശനാനുമതിയുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ സിവിൽ വ്യോമയാന അധികൃതർ പുറപ്പെടുവിച്ചു. നേരത്തെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച പ്രവാസികള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുവാന്‍ കുവൈത്ത് മന്ത്രിസഭ തീരുമാനിച്ചിരുന്നു. കൊറോണ എമര്‍ജന്‍സി കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരമാണ് തീരുമാനം കൈകൊണ്ടത്. കുവൈത്ത് അംഗീകൃത വാക്സിനുകളായ ഫൈസർ, ആസ്ട്രസെനക, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ സ്വീകരിച്ചവർക്കാണ് പ്രവേശനാനുമതി നല്‍കുക. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് വിദേശികള്‍ക്കു കുവൈത്തിലേക്കുള്ള പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്. പ്രവേശന വിലക്ക് മൂലം മാസങ്ങളായി ആശങ്കയില്‍ കഴിയുന്ന നൂറുക്കണക്കിന് മലയാളികള്‍ അടക്കമുള്ള പ്രവാസികൾക്ക് പുതിയ തീരുമാനം ​ ഏറെ ആശ്വാസകരമാകും. 

കുവൈത്തിലേക്ക്‌ പ്രവേശിക്കുന്ന വിദേശികൾക്ക്‌ ഏർപ്പെടുത്തിയ നിബന്ധനകൾ ഇവയാണു.

  • കുവൈത്ത് അംഗീകൃത വാക്സിനുകളായ ഫൈസർ, ആസ്ട്രസെനക, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ സ്വീകരിച്ചവരെ മാത്രമേ രാജ്യത്തേക്ക് പ്രവേശിക്കുവാന്‍ അനുവദിക്കുകയുള്ളൂ. ആരോഗ്യ വകുപ്പിന്‍റെ ഇമ്മ്യൂൺ / കുവൈറ്റ്‌ മൊബെയിൽ ഐ.ഡി. ആപ്പിൽ യാത്ര ചെയ്യുന്നവരുടെ സ്റ്റാറ്റസ് പച്ചയായിരിക്കണം. 
  • ആരോഗ്യപരമായ കാരണങ്ങളാല്‍ വാക്സിന്‍ സ്വീകരിക്കുവാന്‍ കഴിയാത്ത കുവൈത്തി പൗരന്മാര്‍ അത് തെളിയിക്കുന്ന മെഡിക്കല്‍ രേഖ കൈവശം വെക്കണം 
  • ഗര്‍ഭണികള്‍ സാധുതയുള്ള രേഖകള്‍ കൈവശം വെക്കണം 
  • രാജ്യത്ത്‌ എത്തുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂർ സാധുതയുള്ള പി. സി. ആർ. സർട്ടിഫിക്കറ്റ്‌ ഹാജരാക്കണം തുടര്‍ന്ന് കുവൈത്ത് വിമാനതാവളത്തിൽ വെച്ച്‌ പി. സി. ആർ. പരിശോധനക്ക്‌ വിധേയരാകേണ്ടതാണ്. 
  • ശ്ലോനക്ക് ആപ്പിലും കുവൈത്ത് മുസാഫിര്‍ ആപ്പിലും യാത്രക്കാര്‍ അവരുടെ  വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം 
  • രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാ വിദേശികളും ഒരാഴ്ചത്തെ ഹോം ക്വാറന്റൈൻ അനുഷ്ഠിക്കണം. ക്വാറന്റൈൻ കാലയളവില്‍ പി. സി. ആർ. പരിശോധന നടത്തി കോവിഡ് നെഗറ്റീവാണെങ്കില്‍ ക്വാറന്റൈൻ അവസാനിപ്പിക്കാവുന്നതാണ്. 
  • കുവൈത്തിന് പുറത്ത് നിന്നും വാക്സിന്‍ സ്വീകരിച്ചവര്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് വെബ്സൈറ്റില്‍  രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്നുള്ള അംഗീകാരം കിട്ടുന്ന മുറക്ക് യാത്ര ഷെഡ്യൂള്‍ ചെയ്യാവുന്നതാണ്. 

കോവിഡ് രൂക്ഷമായ  രാജ്യങ്ങളില്‍ നിന്നും നേരിട്ട് വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന കാര്യത്തില്‍ ഇപ്പോയും അനിശ്ചിതത്വം നിലനില്‍ക്കുകകയാണ്.  കുവൈത്തിലേക്ക് യാത്രാനുമതി ലഭിച്ച രാജ്യങ്ങളില്‍ പതിനാല് ദിവസം ക്വാറന്റൈൻ അനുഷ്ഠിച്ച് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ പ്രവാസികള്‍ക്ക്  രാജ്യത്തേക്ക് പ്രവേശിക്കുവാന്‍  സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. അതിനിടെ സിവിൽ വ്യോമയാന അധികൃതർ ഇന്ന് പുറത്തിറക്കിയ സര്‍ക്കുലര്‍ അനുസരിച്ചുള്ള നിബന്ധനകള്‍ പാലിക്കുന്നവരെ മാത്രമേ രാജ്യത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കി.  ആയിരക്കണക്കിന് പ്രവാസികള്‍ ആരോഗ്യ വകുപ്പിന്‍റെ  പോര്‍ട്ടല്‍ വഴി വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെയായും അംഗീകാരം ലഭിക്കാത്തത് കുവൈത്തിലേക്ക് മടങ്ങുവാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് വന്‍ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന്‍റെ അനുമതി വൈകുന്നത് മൂലം ടിക്കറ്റുകള്‍ പോലും ബുക്ക് ചെയ്യ്യുവാന്‍ പറ്റാത്ത സാഹചര്യത്തിലാണ് കുവൈത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍. 

Related News