ഓഗസ്റ്റ് ഒന്നുമുതൽ കുവൈത്തിലേക്ക് വരാനായി വൻ തിരക്ക് ; കുതിച്ചു കയറി വിമാന ടിക്കറ്റ് നിരക്ക്.

  • 27/07/2021

കുവൈത്ത് സിറ്റി: കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ കുതിച്ചു ചാട്ടം. കയ്റോ അടക്കമുള്ള സ്ഥലങ്ങളില്‍ നിന്ന് നേരിട്ടല്ലാത്ത വിമാനങ്ങളുടെ ടിക്കറ്റ് നിരക്കാണ് ഉയര്‍ന്നത്. 300 ദിനാറില്‍ തുടങ്ങി 500 ദിനാര്‍ വരെയൊക്കെയാണ് ഇപ്പോള്‍ ടിക്കറ്റ് നിരക്ക്. 

ഓഗസ്റ്റ് ഒന്നുമുതൽ വാക്സിന്‍ സ്വീകരിച്ച പ്രവാസികള്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന മന്ത്രിസഭ തീരുമാനത്തിന്‍റെ പശ്ചാത്തലത്തിലാണ് ടിക്കറ്റ് നിരക്കില്‍ വര്‍ദ്ധനയുണ്ടാകുന്നത്. കുവൈത്ത് അംഗീകരിച്ച വാക്സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്കും സാധുവായ താമസ വിസയുള്ളവര്‍ക്കും മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. 

കുവൈത്തിലേക്ക് തിരിച്ചുവരാനായി രജിസ്റ്റർ ചെയ്ത 18000 പ്രവാസികളുടെ കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് അംഗീകരിച്ചതായും, പതിനായിരത്തോളം സർട്ടിഫിക്കറ്റുകൾ നിരസിച്ചതായും, രജിസ്റ്റർ ചെയ്ത പ്രവാസികളുടെ  എണ്ണം 73,000 ത്തോളം ആയതായും ആരോഗ്യ വൃത്തങ്ങളെ ഉദ്ധരിച്ച്   റിപ്പോർട്ടുകൾ വന്നു, എന്നാൽ ഇന്ത്യൻ വാക്‌സിനുകൾ സ്വീകരിച്ച ഭൂരിഭാഗം പേർക്കും ഇതുവരെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റിന്റെ അംഗീകാരം ലഭിച്ചിട്ടില്ല, വരും ദിവസങ്ങളിൽ ഈ കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യക്കാർ.
 
വിമാനം കയറുന്നതിന് 72 മണിക്കൂര്‍ മുമ്പുള്ള പിസിആര്‍ പരിശോധന ഫലം കൈയില്‍ കരുതണം. രാജ്യത്തെത്തി ഏഴ് ദിവസം ഹോം ക്വാറന്‍റൈന്‍. തുടർന്ന്  പിസിആര്‍ പരിശോധനയും നടത്തണമെന്നാണ് വ്യവസ്ഥകള്‍. സീറ്റുകള്‍ പരിമിതമായ കാരണം കൊണ്ടാണ്  ടിക്കറ്റ് നിരക്ക് കൂടുന്നുണ്ടെന്ന് ട്രാവല്‍ ആന്‍ഡ് ടൂറിസം ഓഫീസുകള്‍ പറയുന്നു. നിലവിൽ 5000 പേർക്കുമാത്രമാണ് കുവൈത്തിലേക്ക് ദിവസേന പ്രവേശനം അനുവദിച്ചിട്ടുള്ളത് . വാക്‌സിനേഷൻ സർട്ടിഫിക്കറ്റിന്റെ അംഗീകാരം ലഭിച്ചതിനു ശേഷം മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ പാടുള്ളു എന്ന് ഇന്ത്യൻ എംബസ്സി നിർദ്ദേശിച്ചിട്ടുണ്ട്. 

Related News