മേരി കോം റിംഗില്‍ ആഹ്ലാദപ്രകടനം നടത്തിയത് ജയിച്ചെന്ന് കരുതി; പരിശീലകന്റെ വാക്ക് തെറ്റിദ്ധരിച്ചു; തോറ്റെന്നറിഞ്ഞത് ട്വീറ്റുകളില്‍ നിന്ന്

  • 30/07/2021

ടോക്യോ: വനിതകളുടെ ബോക്‌സിംഗില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്നു മേരി കോം. ആറു തവണ ലോകചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കിയ മേരിയില്‍ നിന്ന് സ്വര്‍ണത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ അപ്രതീക്ഷിതമായി പ്രീക്വാര്‍ട്ടറിലെ തോല്‍വിയെ തുടര്‍ന്ന് മേരിയുടെ മെഡല്‍ പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു.

എന്നാല്‍ മത്സരശേഷം മേരി കോം വിജയാഹ്‌ളാദത്തില്‍ മുഷ്ടിചുരുട്ടി ആവേശം കാണിച്ചതും റിംഗിനുള്ളില്‍ ആഘോഷിച്ചതുമെല്ലാം ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ ആശയകുഴപ്പം സൃഷ്ടിച്ചു. തന്റെ അവസാന ഒളിമ്പിക്‌സ് ആയതിനാലാകും മേരി ഇത്തരത്തില്‍ പെരുമാറുന്നതെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ യാഥാര്‍ത്ഥ്യം അതല്ല മറിച്ച് ശരിക്കും ജയിച്ചത് താന്‍ ആണെന്നാണ് കരുതിയത് എന്നാണ് മേരി പറയുന്നത്.
മത്സരശേഷം ഫലപ്രഖ്യാപനത്തിനു മുമ്ബ് മേരിയുടെ പരിശീലകന്‍ പറഞ്ഞ കാര്യം തെറ്റിദ്ധച്ചതാണ് മേരിക്ക് വിനയായത്. 'നമ്മള്‍ 3  2ന് തോറ്റു, എന്നാല്‍ എന്റെ വിജയി നീയാണ്' എന്നായിരുന്നു പരിശീലകന്‍ പറഞ്ഞത്. ഇതില്‍ 'വിജയി നീയാണ്' എന്നതു മാത്രമാണ് മേരി കേട്ടത്. മറ്റൊന്നും കേട്ടുമില്ല. മത്സരശേഷം വിജയിയെ പ്രഖ്യാപിച്ചുകൊണ്ടുള്ള അറിയിപ്പും മേരി ശ്രദ്ധിച്ചില്ല. 

പത്രക്കാര്‍ തോല്‍വിയെകുറിച്ചുള്ള പ്രതികരണം ആരായാന്‍ എത്തിയപ്പോഴും മേരി അവരോട് സംസാരിച്ചത് വിജയി താന്‍ എന്ന ധാരണയിലായിരുന്നു. ഒടുവില്‍ എല്ലാം കഴിഞ്ഞ് തന്റെ ട്വിറ്റര്‍ പരതുമ്പോള്‍ അതില്‍ വന്ന ട്വീറ്റുകളില്‍ നിന്നുമാണ് താരം താന്‍ പരാജയപ്പെട്ടുവെന്ന് മനസിലാക്കുന്നത്.

Related News