യാത്ര നിരോധനം ഏർപ്പെടുത്തിയിട്ടുള്ള അഞ്ച് രാജ്യങ്ങളിലേക്ക് നേരിട്ട് വിമാന സർവീസ്; ചർച്ചകൾ പുരോഗമിക്കുന്നു.

  • 30/07/2021

കുവൈത്ത് സിറ്റി: എല്ലാ നിബന്ധനകളും പാലിച്ച് എത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ  വിമാനത്താവളം ഒരുങ്ങി കഴിഞ്ഞുവെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ യൂസഫ് ഫൗസാൻ.  ഇന്ത്യയും ഈജിപ്തും അടക്കം നേരിട്ടുള്ള വിമാന സർവീസുകൾക്ക് നിരോധനം ഉള്ള രാജ്യങ്ങളുടെ കാര്യത്തിൽ മാറ്റങ്ങളില്ല. കുവൈത്ത് അംഗീകൃത വാക്സിന്‍ സ്വീകരിച്ച ഇന്ത്യന്‍  പ്രവാസികള്‍ക്ക് ഓഗസ്റ്റ് ഒന്ന് മുതല്‍ മൂന്നാം രാജ്യം വഴി കുവൈത്തില്‍ പ്രവേശിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
 
നിരോധനം ഏർപ്പെടുത്തിയിട്ടുള്ള അഞ്ച് രാജ്യങ്ങളിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കുന്നതിനെ കുറിച്ച് പഠനം നടക്കുകയാണ്.ഇക്കാര്യത്തിൽ അടുത്ത ദിവസങ്ങളിൽ തീരുമാനമുണ്ടാകും ,  വിമാനത്താവളത്തിൻ്റെ പ്രവർത്തനശേഷി 5000 യാത്രക്കാരിൽ നിന്ന് 10000 മായി  കൂട്ടാൻ മന്ത്രിസഭ ഉടൻ അനുമതി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് കുവൈത്തിലേക്ക് നേരിട്ട് വിമാന സർവീസ് അനുവദിക്കില്ലെന്ന് നേരത്തെ ഡിജിസിഎ അറിയിച്ചിരുന്നു. അതേസമയം ഇന്ത്യക്കാർക്ക് മറ്റ് രാജ്യങ്ങളിലൂടെ ട്രാൻസിറ്റ് ഫ്ലൈറ്റ് വഴി കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കും. ഇത്തരക്കാര്‍ക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ ടെസ്റ്റും  സാധുവായ താമസ രേഖയും ഉണ്ടായിരിക്കണം. ഇന്ത്യയിൽ നിന്ന് നേരിട്ട് വിമാനം ആരംഭിക്കുന്നതിനെ കുറിച്ച് സിവിൽ ഏവിയേഷൻ അധികൃതർ ചര്‍ച്ചകള്‍ നടത്തുകയാണെന്നും ഇത് സംബന്ധമായി ഉടന്‍ തീരുമാനമുണ്ടാകുമെന്നും യൂസഫ് സുലൈമാൻ അൽ ഫൂസാൻ പറഞ്ഞു. 

Related News