യുഎസിലേക്ക് വിമാന സര്‍വീസ് വര്‍ധിപ്പിക്കാന്‍ എയര്‍ഇന്ത്യ

  • 31/07/2021

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്കുള്ള വിമാന സർവീസ് വർധിപ്പിക്കാനൊരുങ്ങി എയർ ഇന്ത്യ. ഓഗസ്റ്റ് ആദ്യവാരം മുതൽ സർവീസ് വർധിപ്പിക്കുമെന്ന് എയർഇന്ത്യ പ്രഖ്യാപിച്ചു. ഉന്നതപഠനത്തിനായി അമേരിക്കയിലേക്ക് പോകുന്ന വിദ്യാർഥികൾക്ക് ആശ്വാസം പകരുന്നതാണ് തീരുമാനം. മുൻകൂട്ടി അറിയിക്കാതെ എയർഇന്ത്യ വിമാനസർവീസുകൾ പുനഃക്രമീകരിക്കുന്നതായി വിദ്യാർഥികൾ സാമൂഹിക മാധ്യമങ്ങൾ വഴി ആരോപിച്ചിരുന്നു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുളള വിമാനങ്ങൾക്ക് അമേരിക്ക നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. 'ഇന്ത്യയിൽ നിന്നുളള വിമാനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുളള യുഎസ് പ്രസിഡന്റിന്റെ പ്രഖ്യാപനത്തെ തുടർന്ന് യുഎസിലേക്കുളള ഞങ്ങളുടെ ചില വിമാനങ്ങൾ റദ്ദാക്കേണ്ടതായി വന്നു. ഞങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാരണങ്ങളാൽ വിമാനങ്ങൾ റദ്ദാക്കിയ വിവരം യാത്രക്കാരെ അറിയിച്ചിരുന്നു.' ഒരു ദേശീയ മാധ്യമത്തിന് നൽകിയ പ്രതികരണത്തിൽ എയർഇന്ത്യ അറിയിച്ചു.

വിമാനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിക്കൊണ്ടുളള അമേരിക്കൻ പ്രസിഡന്റിന്റെ പ്രഖ്യാപനം വരുന്നതിന് മുൻപ് 40 വിമാനസർവീസുകളാണ് യുഎസിലേക്ക് എയർഇന്ത്യ നടത്തിയിരുന്നത്. ജൂലായ് 2021ൽ ആഴ്ചയിൽ 11 സർവീസുകളാണ് നടത്താനായത്. ഓഗസ്റ്റ് ഏഴോടെ ഈ സർവീസുകളുടെ എണ്ണം 22 ആയി ഉയർത്താനാണ് എയർഇന്ത്യയുടെ തീരുമാനം. ഓഗസ്റ്റ് മുതൽ കഴിയുന്നത്ര യാത്രക്കാരെ ഉൾക്കൊളളിക്കാൻ തങ്ങൾ ശ്രമിക്കുമെന്നും എയർഇന്ത്യ അറിയിച്ചു.

എന്നാൽ ഓഗസ്റ്റിൽ അമേരിക്കയിലേക്ക് പോകാനിരുന്ന വിദ്യാർഥികൾക്ക് സർവീസ് പുനഃക്രമീകരിച്ചതായി അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് കൂടുതൽ വിശദീകരണത്തിനായി എയർഇന്ത്യയിലേക്ക് വിദ്യാർഥികൾ ഫോൺമുഖാന്തരം ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇത്തരത്തിൽ വിമാന സർവീസ് പുനഃക്രമീകരിച്ചതിനാൽ ക്ലാസ് ആരംഭിക്കുന്നതിന് മുമ്പായി അമേരിക്കയിൽ എത്തിച്ചേരാനാകില്ലെന്ന ആശങ്കയിലാണ് വിദ്യാർഥികൾ.

അതേസമയം ഓഗസ്റ്റ് 6,13,20, 27 തീയതികളിലായി മുബൈയിൽ നിന്നും നെവാർക്കിലേക്ക് അധിക വിമാനസർവീസുകൾ നടത്തുമെന്ന് എയർഇന്ത്യ ട്വീറ്റ് ചെയ്തിട്ടുണ്ട്. വിദേശത്ത് ഉപരിപഠനം നടത്താൻ ആഗ്രഹിക്കുന്ന പലർക്കും വിമാനങ്ങളുടെ റദ്ദാക്കലും സമയക്രമം മാറ്റുന്നതും തിരിച്ചടിയായിരിക്കുകയാണ്.

Related News