പ്രവാസികളുടെ മടക്കം, ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു, ഇന്ത്യക്കാരുടെ തിരിച്ചുവരവ് അനിശ്ചിതത്വത്തിൽ.

  • 01/08/2021

കുവൈറ്റ് സിറ്റി : വാക്സിനേഷന്‍ പൂര്‍ത്തീകരിച്ച പ്രവാസികള്‍ക്ക് കുവൈത്തിലേക്ക്  പ്രവേശനം അനുവദിച്ച മന്ത്രിസഭ തീരുമാനം നടപ്പാക്കി തുടങ്ങിയതിനെത്തുടർന്ന് കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഇരട്ടിയായി. ആദ്യ ദിവസം 44 ഫ്ലൈറ്റുകൾ കുവൈത്തിലേക്കും 48 ഫ്ലൈറ്റുകൾ കുവൈത്തിൽനിന്ന് പുറത്തേക്കും  സർവീസ് നടത്തി.

പ്രവേശന വിലക്കാവസാനിച്ചതോടെ  500ദിനാർ  വരെയാണ്   ടിക്കറ്റ് നിരക്കില്‍ വർദ്ധനവ്  ഉണ്ടായിട്ടുള്ളത്. ദുബൈയില്‍ നിന്നുള്ള ടിക്കറ്റ് നിരക്ക് 500 കുവൈത്തി ദിനാര്‍ വരെ ഉയര്‍ന്നിട്ടും എല്ലാം വിറ്റു പോയി. ബെയ്റൂട്ടില്‍ നിന്ന് 200 കെഡി, തുര്‍ക്കിയില്‍ നിന്ന് 350 കെ‍ഡി എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. പ്രവാസികള്‍ക്ക് ഓഗസ്റ്റ് ഒന്ന് മുതല്‍ എത്താന്‍ അനുമതി നല്‍കിയിട്ടും വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനശേഷി കൂട്ടാത്തതാണ് ടിക്കറ്റ് നിരക്ക് വര്‍ധനയ്ക്ക് കാരണമായതെന്ന് ടൂറിസം ആന്‍ഡ് ട്രാവല്‍ ഓഫീസസ് ഫെ‍ഡറേഷന്‍ അംഗം അബ്‍ദുള്‍ റഹ്മാന്‍ അല്‍ ഖരാഫി പറഞ്ഞു. 

അനുവദിച്ച ക്വാട്ടയില്‍ കൂടുതൽ  ചില എയര്‍ലൈനുകള്‍ ബുക്ക് ചെയ്തിട്ടുണ്ട്. ഇതോടെ അവസാന നിമിഷം യാത്രക്കാരുടെ ടിക്കറ്റ് റദ്ദാക്കപ്പെടുകയും ബുദ്ധിമുട്ട് കൂടിയതായും അദ്ദേഹം പറഞ്ഞു. ഫ്ലൈറ്റുകളിൽ 70 പേരിൽ കൂടുതൽ അനുവദിക്കുന്നില്ല, ഇതും ടിക്കറ്റ് നിരക്ക് വർദ്ധനവിന് കാരണമായി.  

കൂടുതല്‍ രാജ്യങ്ങളിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസ് ആരംഭിക്കാനുള്ള തീരുമാനം മന്ത്രിസഭ എടുത്തുവെങ്കിലും പ്രതിദിനം 5,000 യാത്രക്കാര്‍ എന്ന നിബന്ധന തടസമാകുന്നു. 14 രാജ്യങ്ങളിലേക്ക് കൂടി നേരിട്ടുള്ള വിമാന സര്‍വ്വീസ് ആരംഭിക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്. 

തുര്‍ക്കി, ജനീവ, ദുബൈ, ദോഹ എന്നിങ്ങനെ ദിവസേനയുള്ള സര്‍വ്വീസിനെ ബാധിക്കാതെ ഈ തീരുമാനം നടപ്പിലാക്കാന്‍ സാധിക്കില്ലെന്നാണ് വിമാനത്താവള വൃത്തങ്ങള്‍ പറയുന്നത്. പുതിയ മന്ത്രിസഭ തീരുമാനം നടപ്പാക്കണമെങ്കില്‍ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനശേഷി കൂട്ടണം. 

ടിക്കറ്റ് റദ്ദാക്കപ്പെടുന്നതും തിരിച്ചെത്തുന്ന താമസക്കാരുടെ എണ്ണവും വിമാന ടിക്കറ്റ് നിരക്ക് വര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്. ഇത് വിദേശത്ത് കുടുങ്ങിയ പോയ കുവൈത്തികള്‍ക്കും രാജ്യത്തേക്ക് വരാന്‍ തടസമാകുന്നുണ്ട്. ഇന്ത്യയില്‍ നിന്നും ഈജിപ്തില്‍ നിന്നും ആയിരക്കണിക്കിന് പേരാണ് കുവൈത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്നത്. 

ഇന്ന് എത്തിയ പ്രവാസികളിൽ ഭൂരിഭാഗവും ലെബനൻ, ജോർദാൻ, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ എന്നിവയുൾപ്പെടെയുള്ള അറബ് രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഇന്ത്യക്കാരുടെ  കുവൈത്തിലേക്കുള്ള പ്രവേശനത്തിന്റെ കാര്യത്തിൽ അവ്യക്തത തുടരുന്നു. 

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് കുവൈത്ത് പ്രവേശനവിലക്കേർപ്പെടുത്തിയിട്ട് ഒരുവർഷത്തിലേറെയായി. എന്നാൽ ആരോഗ്യപ്രവർത്തകർ, അവരുടെ കുടുംബാംഗങ്ങൾ, ഗാർഹിക തൊഴിലാളികൾ, നയതന്ത്ര ഉദ്യോഗസ്ഥർ എന്നിവർക്ക് പ്രവേശനാനുമതി നൽകിയിരുന്നുവെങ്കിലും കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ എല്ലാവരുടേയും പ്രവേശനാനുമതി നേരത്തെ റദ്ദാക്കിയിരുന്നു. പുതിയ നിബന്ധന പ്രകാരം മറ്റ്  രാജ്യങ്ങളിൽ 14 ദിവസം താമസിച്ചശേഷം മാത്രമാണ് ഇന്ത്യക്കാർക്ക് കുവൈത്തിലേക്ക് പ്രവേശിക്കുവാന്‍ സാധിക്കുകയുള്ളൂ. 

ഇന്ത്യക്കാരുടെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റിന്റെ അംഗീകാരവും, ഇമ്മ്യൂണിറ്റി, കുവൈറ്റ് ട്രാവലർ എന്നീ  ആപ്പിൽ യാത്രക്കുള്ള അനുമതിയും ഭൂരിഭാഗം പേർക്കും ലഭിച്ചിട്ടില്ല. അടുത്ത ദിവസങ്ങളിൽ ഈ കാര്യങ്ങളിൽ വ്യക്തതയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യക്കാരായ പ്രവാസികൾ.  


 

Related News