ചരിത്രം പിറന്നു; ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനക്കാരായ ഓസ്‌ട്രേലിയയെ മുട്ടുകുത്തിച്ച് ഇന്ത്യന്‍ വനിതാ ഹോക്കി ടീം സെമിയില്‍

  • 02/08/2021


വനിത ഹോക്കിയിലും ചരിത്രം കുറിച്ച് ഇന്ത്യ. ആദ്യ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടതിന് ശേഷം ഫീനിക്‌സ് പക്ഷിയെപ്പോലെ പറന്നുയരുകയാണ് വനിതകള്‍. ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ള കരുത്തരായ ഓസ്‌ട്രേലിയയെ കീഴടക്കിയാണ് വനിതകളുടെ കുതിപ്പ്.

തുടക്കം മുതല്‍ ഇന്ത്യ വ്യക്തമായ പദ്ധതിയോടെയാണ് കളിച്ചത്. ഇരു ടീമുകളും വളരെ ആക്രമണ സ്വഭാവത്തോടെ കളിച്ചെങ്കിലും ആദ്യ ഗോള്‍ നേടാന്‍ ഇന്ത്യക്കായി. പെനാലിറ്റി കോര്‍ണറില്‍ നിന്ന് ഗുര്‍ജിത്ത് കൗറാണ് ഇന്ത്യയുടെ സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കിയത്.

ആദ്യ പകുതിയിലെ ഇന്ത്യയുടെ പ്രകടനം ഈ ഒളിംപിക്‌സിലെ തന്നെ മികവുറ്റതായിരുന്നു. രണ്ടാം പകുതിയിലും വനിതകള്‍ അത് ആവര്‍ത്തിച്ചു. ഗുര്‍ജീത് ആദ്യ പകുതിയില്‍ ഹീറോ ആയപ്പോള്‍ രണ്ടാം പകുതിയില്‍ സവിത ആയിരുന്നു കരുത്തായത്.

മൂന്നാം ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയുടെ പെനാലിറ്റി കോര്‍ണറുകള്‍ തടയാന്‍ ഇന്ത്യന്‍ പ്രതിരോധത്തിനായി. ഒപ്പം സവിതയുടെ മികവും ചേര്‍ന്നപ്പോള്‍ ഓസീസ് ആക്രമണങ്ങള്‍ വിഫലമായി എന്ന് തന്നെ പറയാം. മൂന്നാം ക്വാര്‍ട്ടറില്‍ നവനീത് കൗറിലൂടെ ലീഡ് വര്‍ധിപ്പിക്കാന്‍ ഇന്ത്യക്ക് അവസരം ലഭിച്ചെങ്കിലും ശ്രമം ലക്ഷ്യത്തില്‍ എത്തിയില്ല.

ഓസ്‌ട്രേലിയയോട് കേവലം പ്രതിരോധത്തിലേക്ക് വലിഞ്ഞായിരുന്നില്ല ഇന്ത്യ ആധിപത്യം സ്ഥാപിച്ചത്. മറിച്ച് മികച്ച അറ്റാക്കിങ്ങും കാഴ്ച വച്ചു. അവസാന നിമിഷങ്ങളില്‍ സവിതയുടെ രണ്ട് ഉഗ്രന്‍ സേവുകളും ഇന്ത്യന്‍ വിജയത്തിന്റെ മാറ്റു കൂട്ടി.

Related News