ഫിനാബ്ലര്‍ ഇനി വിസ് ഫിനാന്‍ഷ്യല്‍; റീബ്രാന്‍ഡിംഗിനൊപ്പം ലയിച്ച്‌ മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ മണി ട്രാന്‍സ്ഫര്‍ ഗ്രൂപ്പ് ആകാനൊരുങ്ങുന്നു.

  • 03/08/2021

കുവൈറ്റ് സിറ്റി :  പ്രമുഖ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഹോല്‍ഡിങ് കമ്പനിയായ ഫിനാബ്ലര്‍ ‘വിസ്ഫിനാന്‍ഷ്യല്‍’ എന്ന പേരില്‍ റീബ്രാന്‍ഡ് ചെയ്യുന്നു. പുതുതായി വാങ്ങിയ ബഹറൈനി കമ്പനിയുമായി (BFC ) ലയിപ്പിച്ച് മേഖലയിലെ ഏറ്റവും വലിയ മണി എക്സ്ചേഞ്ച്  ഗ്രൂപ്പ് ആക്കി മാറ്റുകയാണ് ലക്ഷ്യമിടുന്നത്. 

ഇന്ത്യന്‍ വ്യവസായി ആയ ബി ആര്‍ ഷെട്ടിയിൽനിന്നും  ഫിനാബ്ലറിനെ കഴിഞ്ഞ ഡിസംബറിലാണ് സ്വിറ്റ്സര്‍ലന്‍ഡ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രിസം ഗ്രൂപ്പ് എജി, അബുദാബിയിലെ റോയല്‍ സ്ട്രാറ്റജിക് പാര്‍ട്ട്ണേര്‍സ് എന്നിവര്‍ ഏറ്റെടുക്കുന്നത്. 

ഇതേ കണ്‍സോര്‍ഷ്യം ബഹറൈന്‍ ഫിനാന്‍സിംഗ് കമ്പനിയും വാങ്ങിയിരുന്നു. ബഹറൈന്‍, ഇന്ത്യ, കുവൈത്ത് എന്നിവിടങ്ങളിലായി മണി ട്രാന്‍സ്ഫര്‍, കറന്‍സി സര്‍വ്വീസ് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്പനിയാണ് ബിഎഫ്‍സി. 

ബഹ്‌റൈനിലെ ഏറ്റവും വലിയ മണി ട്രാന്‍സ്ഫര്‍, കറന്‍സി എക്‌സ്‌ചേഞ്ച് കമ്പനിയാണ് ബിഎഫ്‌സി . ബഹ്‌റൈന്‍, ഇന്ത്യ, കുവൈറ്റ് എന്നിവിടങ്ങളില്‍ മണി ട്രാന്‍സ്ഫര്‍ രംഗത്തും, കറന്‍സി സര്‍വീസുകളിലും ബിഎഫ്‌സി പ്രവര്‍ത്തിക്കുന്നു.ആഗോള കറന്‍സി സേവനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബിഎഫ്‌സി ഗ്രൂപ്പിന് 120 റീട്ടെയില്‍ ശാഖകളുടെ വളരുന്ന ശൃംഖലയുണ്ട്.

ഈ കരാറിലൂടെ മിഡിൽ ഈസ്റ്റിലെ  ഏറ്റവും വലിയ പണമിടപാട്  സേവനങ്ങളും കറൻസി എക്സ്ചേഞ്ച്  ഗ്രൂപ്പിനെയും സൃഷ്ടിച്ച്,   ഒപ്പം ആറ് ജിസിസി രാജ്യങ്ങളിലും നേരിട്ട് സാന്നിധ്യമുള്ള ഏക ഓപ്പറേറ്ററായി മാറുകയും ചെയ്തുവെന്ന് വിസ് ഫിനാന്‍ഷ്യല്‍ പറഞ്ഞു. 

ഈ ഏറ്റെടുക്കല്‍ 30 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ ലൈസന്‍സുള്ള ഒരു പ്രാദേശിക പവര്‍ഹൗസിനെയാണ് സൃഷ്ടിച്ചത്. ബിഎഫ്‍സിയുടെ ഇബ്രാഹിം എസ്ര നോനോ ആണ് വിസ് ഫിനാന്‍ഷ്യലിന്‍റെ രാജ്യാന്തര പണ കൈമാറ്റ ബിസിനസിന് നേതൃത്വം നല്‍കുന്നത്. 

അധിക പണമടയ്ക്കൽ ദാതാക്കളെയും ഇതര സാമ്പത്തിക സ്ഥാപനങ്ങളെയും ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലേക്ക് ഏകീകരിക്കുന്ന പ്രക്രിയയിലാണ് വിസ് ഫിനാന്‍ഷ്യല്‍ എന്ന് പ്രിസം എജി ഗ്രൂപ്പ് ചെയര്‍മാന്‍ അമീര്‍ നഗാമി പറഞ്ഞു. അമീര്‍ നഗാമിയും ഗയ് റോത്ത്ചൈല്‍ഡും രൂപം കൊടുത്ത പ്രിസം ഗ്രൂപ്പിന് ബ്രിട്ടിനും യുഎഇയിലും നിക്ഷേപങ്ങളും ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് കമ്പനികളുമുണ്ട്.

Related News