ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് മറ്റൊരു രാജ്യത്ത് ക്വാറന്റൈന്‍ അനുഷ്ടിക്കാതെ കുവൈത്തിലേക്ക് പ്രവേശിക്കാമെന്ന് സൂചനകള്‍.

  • 04/08/2021

കുവൈത്ത് സിറ്റി : കുവൈത്തില്‍ നിന്നും പൂര്‍ണ്ണ വാക്സിനേഷന്‍ സ്വീകരിച്ച ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലെ  വിദേശികള്‍ക്ക് രാജ്യത്തേക്ക് തിരികെ വരുവാന്‍ തടസ്സങ്ങളില്ലെന്ന് ആരോഗ്യ മന്ത്രി ഡോ. ബാസൽ അൽ സബാഹ് പറഞ്ഞു.  വിദേശത്ത് നിന്നും വാക്സിന്‍ സ്വീകരിച്ചവരുടെ  സർട്ടിഫിക്കറ്റുകൾ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്ത്  അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളിൽ ഇലക്ട്രോണിക് അംഗീകാരം നല്‍കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. വാക്സിനേഷൻ സർട്ടിഫിക്കറ്റ് അംഗീകാരം ഉൾപ്പെടെ എല്ലാ യാത്രാ നിബന്ധനകളും പൂർത്തിയാക്കിയാല്‍ ബുദ്ധിമുട്ടില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാം .അതിനിടെ  കുവൈറ്റിനുള്ളിൽ കുത്തിവയ്പ്പ് പൂർത്തിയാക്കിയവര്‍ക്കും വിദേശങ്ങളില്‍ നിന്നും പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ച് വാക്സിന്‍ സർട്ടിഫിക്കറ്റ് അംഗീകാരം ലഭിച്ചവര്‍ക്കും മറ്റൊരു രാജ്യത്ത് ക്വാറന്റൈന്‍ അനുഷ്ടിക്കാതെ കുവൈത്തിലേക്ക് നേരിട്ട്  പ്രവേശിക്കാമെന്ന് അൽ റായ് പത്രം റിപ്പോർട്ട് ചെയ്തു. 

നേരത്തെ എല്ലാ രാജ്യക്കാര്‍ക്കും കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ  വിലക്ക് ഓഗസ്റ്റ്‌ പത്ത് വരെ  നീട്ടുകയായിരുന്നു. വിദേശികള്‍ സമര്‍പ്പിച്ച വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ആരോഗ്യ മന്ത്രാലയത്തിന്‍റെ  അംഗീകാരം കിട്ടി തുടങ്ങിയതോടെ കുവൈത്തിലേക്ക് മടങ്ങി വരുവാന്‍ കാത്തിരിക്കുന്ന മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ പ്രതീക്ഷയിലാണ്. 14 ദിവസം ക്വാറന്റൈനിൽ കഴിയാതെ ട്രാൻസിറ്റ് ഫ്ലൈറ്റ് വഴി കുവൈത്തിലേക്ക് പ്രവേശിക്കാനുകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും ദിവസങ്ങളില്‍ ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് കരുതപ്പെടുന്നതെന്ന് ട്രാവല്‍ വൃത്തങ്ങള്‍ അറിയിച്ചു.അതിനിടെ   ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള ഫ്ലൈറ്റ് തുറക്കുന്നതിനെക്കുറിച്ച് സിവിൽ ഏവിയേഷൻ അധികൃതർ ചർച്ച ചെയ്യുന്നുണ്ടെന്നും ഇത് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കുമെന്ന് ഡി.ജി.സി.എ അറിയിച്ചു. 

Related News