ഹോക്കിയില്‍ പുതുചരിത്രമെഴുതി ഇന്ത്യ; കേരളത്തിനും ഇത് അഭിമാന നിമിഷം

  • 05/08/2021


ടോക്കിയോ: ഹോക്കിയില്‍ നീലക്കുപ്പായക്കാര്‍ പുതുചരിത്രമെഴുതിയപ്പോള്‍ കേരളത്തിനും ഇത് അഭിമാന നിമിഷം. ഗോള്‍ പോസ്റ്റിനു കീഴെ വന്‍മതിലായിനിന്ന് ഇന്ത്യയെ ജയത്തിലേക്ക് നയിച്ച ശ്രീജേഷിലൂടെ അഞ്ച് പതിറ്റാണ്ടുകള്‍ക്കു ശേഷം കേരളവും മെഡല്‍ സ്വന്തമാക്കിയിരിക്കുന്നു. 

1972ല്‍ മാനുവല്‍ ഫ്രെഡറിക്‌സ് ഉള്‍പ്പെട്ട ഹോക്കി ടീം വെങ്കലം നേടിയശേഷം കേരളീയര്‍ക്ക് ഒളിമ്പിക്‌സ് വേദിയില്‍ അഭിമാനിക്കാന്‍ ഒരു മുഹൂര്‍ത്തമുണ്ടായിട്ടില്ല. ഇതാ, മറ്റൊരു ഹോക്കി ഗോള്‍കീപ്പര്‍ ചരിത്രത്തിന്റെ നിയോഗമെന്നപോലെ ആ സങ്കടത്തെ വെങ്കല തിളക്കമായിരിക്കുന്നു. ഇതോടെ ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ മലയാളിയായി ശ്രീജേഷ് മാറി.

ടോക്കിയോയിലെ ഇന്ത്യയുടെ ചരിത്രയാത്രയില്‍ ഉടനീളം ശ്രീജേഷിന്റെ മിന്നല്‍സേവുകളാണ് മുന്നോട്ടുള്ള കുതിപ്പിന് തുണയായത്. വെങ്കലപ്പോരാട്ടത്തില്‍ ജര്‍മനിക്കെതിരെ ഇന്ത്യന്‍ പ്രതിരോധം സ്‌കൂള്‍കുട്ടികള്‍പോലും വരുത്താത്ത പിഴവുകളിലൂടെ ആടിയുലഞ്ഞപ്പോഴൊക്കെ ഗോള്‍ വീഴാതെ കാത്തു. 

ആദ്യ ക്വാര്‍ട്ടറില്‍ മൂന്നു ഗോളുകള്‍ വഴങ്ങേണ്ടിവന്നതും പ്രതിരോധത്തിന്റെ പിഴവായിരുന്നു. തുടരെ ആക്രമണം അഴിച്ചുവിട്ട ജര്‍മിന പത്തോളം പെനാല്‍റ്റി കോര്‍ണറുകളാണ് നേടിയെടുത്തത്. അതില്‍ പലതും ഗോളാകാതെ വഴിമാറിപ്പോയത് ഗോള്‍ പോസ്റ്റിനു കീഴിലെ ശ്രീജേഷിന്റെ സൂപ്പര്‍ പെര്‍ഫോമന്‍സിലൂടെയായിരുന്നു. 

അവസാന അഞ്ച് മിനിറ്റില്‍ രണ്ട് പെനാല്‍റ്റി കോര്‍ണറാണ് ഇന്ത്യ വഴങ്ങിയത്. ജര്‍മനിയുടെ രണ്ട് ശ്രമങ്ങളും ശ്രീജേഷ് തടുത്തിട്ടു. ടൈമര്‍ നിലച്ച നേരം ഇന്ത്യക്കാര്‍ ആര്‍പ്പിട്ടിട്ടുണ്ടാവും, സൂപ്പര്‍മാന്‍ ശ്രീജേഷ്.

Related News