ഓഗസ്റ്റ് 15 മുതല്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രവര്‍ത്തനസമയം സാധാരണ നിലയിലേക്ക്

  • 05/08/2021

കുവൈത്ത് സിറ്റി: സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രവര്‍ത്തനസമയം സാധാരണ നിലയിലേക്ക് തന്നെ മാറ്റാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഓഗസ്റ്റ് 15 മുതല്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ സമയക്രമം സാധാരണ നിലയിലേക്ക് മാറും. ബുധനാഴ്ച പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അസാധാരണ യോഗത്തിലാണ് ഈ വിഷയത്തില്‍ തീരുമാനം ഉണ്ടായത്. 

യാത്ര ചെയ്യണമെങ്കില്‍ വാക്സിന്‍ സ്വീകരിച്ചിരിക്കണമെന്ന നിബന്ധനയില്‍ ഇളവ് നല്‍കേണ്ട വിഭാഗങ്ങളെയും മന്ത്രിസഭ തീരുമാനിച്ചു. വാക്സിന്‍ എടുക്കാന്‍ സാധിക്കാത്ത പ്രായ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും ആരോഗ്യ കാരണങ്ങളാല്‍ വാക്സിന്‍ എടുക്കാന്‍ സാധിക്കില്ലെന്നുള്ള ആരോഗ്യ മന്ത്രാലയത്തിന്‍റെ അംഗീകാരമുള്ള സര്‍ട്ടിഫിക്കേറ്റ് ഉള്ളവര്‍ക്കും മാത്രമാകും ഇളവ് ലഭിക്കുക. 

രാജ്യത്തെ കൊവിഡ് സാഹചര്യത്തെ കുറിച്ച് ആരോഗ്യ മന്ത്രി ഷെയ്ഖ് ഡോ. ബാസല്‍ ഹമ്മൗദ് അല്‍ സബാഹ് മന്ത്രിസഭാ യോഗത്തില്‍ വിശദീകരണം നല്‍കി. പ്രതിദിന കൊവിഡ് കേസുകളിലും ആശുപത്രികളിലും തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും കുറവുണ്ടാകുന്നത് തുടരുകയാണെന്ന് അദ്ദേഹം അറിയിച്ചു. രാജ്യത്ത് തുടരുന്ന വാക്സിനേഷന്‍ ക്യാമ്പയിനെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു

Related News