പ്രവാസികൾക്ക് കുവൈത്തിലേക്ക് വരാനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ഇന്ത്യൻ എംബസ്സി.

  • 05/08/2021

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് മടങ്ങിയെത്താന്‍ ആഗ്രഹിക്കുന്ന ഇന്ത്യയില്‍ കുടുങ്ങിപ്പോയവര്‍ക്ക് മാര്‍ഗ്ഗനിര്‍ദേശങ്ങളുമായി ഇന്ത്യന്‍ എംബസി. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്‍റെ പോര്‍ട്ടലില്‍ രജിസ്ട്രേഷനും വാക്സിനേഷന്‍ സര്‍ട്ടിഫിക്കേറ്റും അപ്‍ലോഡ് ചെയ്ത ശേഷം നിരവധി സംശയങ്ങള്‍ പ്രവാസികള്‍ എംബസിയോട് ചോദിച്ചിരുന്നു. ഈ വിഷയങ്ങളെല്ലാം കുവൈത്ത് അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ട് വന്നിട്ടുണ്ടെന്നും തുടര്‍ച്ചയായി ബന്ധപ്പെടുന്നുണ്ടെന്നും എംബസി അറിയിച്ചു. 

കുവൈത്ത് അധികൃതര്‍ നല്‍കിയ മറുപടികള്‍

1. ഇന്ത്യന്‍ പൗരന്മാരുടേത് ഉള്‍പ്പെടെ പ്രവാസികള്‍ അപ്‍ലോഡ് ചെയ്ത വാക്സിനേഷന്‍ വിവരങ്ങളുടെ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്.

2. അപേക്ഷകള്‍ തള്ളി പോയിട്ടുണ്ടെങ്കില്‍ ഇ-മെയില്‍ വഴി കാരണങ്ങള്‍ ഉള്‍പ്പെടെ വ്യക്തമാക്കി ബന്ധപ്പെട്ട അധികൃതര്‍ അറിയിക്കും.

3. അപേക്ഷയില്‍ തെറ്റുണ്ടെങ്കിലും അതിന്‍റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി ഇ-മെയില്‍ ലഭിക്കും

4. ഇതുവരെ ഒരു വിവരങ്ങളും ലഭിച്ചിട്ടില്ല എങ്കില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിനായി കാത്തിരിക്കുക.

ചില അടിയന്തര കാരണങ്ങള്‍ മൂലം നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് അപേക്ഷിച്ചവരുടെ കാര്യവും കുവൈത്ത് അധികൃതരുമായി സംസാരിച്ചതായി എംബസി വ്യക്തമാക്കി. 

അവര്‍ക്കുള്ള നിര്‍ദേശങ്ങള്‍

1. info.kuwait@mea.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അടിയന്തര ആവശ്യത്തെ സാധൂകരിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടത്തി എംബസിക്ക് മെയിൽ അയക്കുക. സ്പോണ്‍സര്‍ അല്ലെങ്കില്‍ തൊഴില്‍ ദാതാവും ഇത് വ്യക്തമാക്കി എംബസിയെ അറിയിക്കണം.

2. അപേക്ഷക്കുന്നയാള്‍ എംബസിയുമായുള്ള ആശയവിനിമയത്തിൽ മുഴുവൻ പേരും മറ്റ് എല്ലാ വ്യക്തിഗത വിവരങ്ങളും നല്‍കണം.

3. താഴെ പറയുന്ന രേഖകളും സമര്‍പ്പിക്കണം

* പാസ്പോര്‍ട്ട്
* സിവില്‍ ഐഡി
* തൊഴില്‍ കരാര്‍ (ഉണ്ടെങ്കില്‍ മാത്രം)
* ആരോഗ്യ മന്ത്രാലയ വെബ്സൈറ്റില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയതിന്‍റെ രേഖ അല്ലെങ്കില്‍ സ്ക്രീന്‍ഷോട്ട്
* ഫൈനല്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കേറ്റ്
* ഇമ്മ്യൂണ്‍/കുവൈത്ത് മൊബൈല്‍ ഐഡി, ഷോളോണിക് , കുവൈത്ത് മൊസാഫര്‍ ഉള്‍പ്പെടെയുള്ള ആപ്ലിക്കേഷനുകള്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയതിന്‍റെ രേഖ അല്ലെങ്കില്‍ സ്ക്രീന്‍ഷോട്ട്

4. എല്ലാ വിവരങ്ങളും രേഖകളും മെയില്‍ അയക്കുമ്പോള്‍ ഉണ്ടെന്ന് ഉറപ്പാക്കുക

5. അപേക്ഷകള്‍ info.kuwait@mea.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ മാത്രം അയക്കുക. സംശയങ്ങള്‍ ഉണ്ടെങ്കിലും ഈ മെയില്‍ വിലാസത്തില്‍ തന്നെ ബന്ധപ്പെടുക.

Related News