ഇന്ത്യയുടെ 'തങ്ക മകനെ' കാത്തിരിക്കുന്നത് വന്‍ സ്വീകരണം; സമ്മാനങ്ങളുടെ പ്രവാഹം

  • 08/08/2021

ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യക്കായി ആദ്യമായി ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സില്‍ മെഡല്‍ നേടിയ നീരജ് ചോപ്രയെ കാത്തിരിക്കുന്നത് സമ്മാനങ്ങളുടെ പ്രവാഹമാണ്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു വിളിച്ചു അഭിനന്ദിച്ചു. ജാവലിന്‍ ത്രോയില്‍ സ്വര്‍ണമെഡല്‍ നേടിയ നീരജ് ചോപ്രയ്ക്ക് ആറ് കോടി രൂപയാണ് ഹരിയാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചത്. കൂടാതെ, ഗ്രേഡ്1 തസ്തികയില്‍ സര്‍ക്കാര്‍ ജോലി നല്‍കുമെന്നും മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ അറിയിച്ചു.

ഇതുകൂടാതെ, കേന്ദ്രസര്‍ക്കാറിന്റെ പാരിതോഷികത്തിന് പുറമേ അതല്റ്റിക് ഫെഡറേഷന്റെയും ഓരോ സംസ്ഥാനങ്ങളുടെയും വക കോടികള്‍ നീരജിനെ കാത്തിരിക്കുന്നു. വ്യക്തികളും സ്ഥാപനങ്ങളും സമ്മാനങ്ങള്‍ കൊണ്ട് മൂടും. തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡ് അംബാസിഡറാക്കാന്‍ കാത്തിരിക്കുന്നത് വമ്പന്‍ കമ്പനികളുമാണ്. ഇതും കൂടിയാകുമ്പോള്‍ സഹസ്ര കോടി ക്ലബ്ബിലേക്കാണ് നീരജ് ചോപ്രയുടെ കുതിപ്പ്.

ഇന്ത്യയിലെത്തുമ്പോ നീരജിന് എക്‌സ്യുവി 700 കാര്‍ സമ്മാനമായി നല്‍കുമെന്ന് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര അറിയിച്ചു കഴിഞ്ഞു. ഈ പാതയില്‍ മറ്റു വ്യവസായികളും രംഗത്തുവരും. ക്രിക്കറ്റര്‍മാര്‍ക്ക് പുറമേ ഒരു ഇന്ത്യന്‍ കായികതാരത്തെയാണ് പരസ്യ ലോകവും കാത്തിരിക്കുന്നത്. സ്‌പോണ്‍സര്‍ഷിപ്പുമായി ആളുകള്‍ ഇനി നീരജിന്റെ പിന്നാലെ വരുമെന്ന് ഉറപ്പാണ്.

ടോക്കിയോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന അഞ്ചാമത്തെ ഹരിയാനക്കാരനാണ് നീരജ് ചോപ്ര. ഗുസ്തിയില്‍ വെള്ളി മെഡല്‍ നേടിയ രവികുമാര്‍ ദഹിയ, വെങ്കലം നേടിയ ഭജ്രംഗ് പൂനിയ, വെങ്കലം നേടിയ പുരുഷ ഹോക്കി ടീമില്‍ ഉള്‍പ്പെട്ട സുമിത്, സുരേന്ദര്‍ കുമാര്‍ എന്നിവരാണ് ഇതിനുമുന്‍പ് മെഡല്‍ നേടിയ ഹരിയാന സ്വദേശികള്‍. അതുകൊണ്ട് തന്നെ കായികതാരങ്ങള്‍ക്ക് പണം നല്‍കുന്നതില്‍ യാതൊരു പിശുക്കും ഹരിയാന സര്‍ക്കാര്‍ നല്‍കിയില്ല.

രവികുമാറിന് 4 കോടി രൂപയും ബജ്രംഗ് പൂനിയ, സുമിത്, സുരേന്ദര്‍ എന്നിവര്‍ക്ക് 2.5 കോടി രൂപ വീതവും ഹരിയാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതുകൂടാതെ, വനിതാ ഹോക്കി ടീമില്‍ അംഗങ്ങളായിരുന്ന 9 ഹരിയാനക്കാര്‍ക്ക് 50 ലക്ഷം രൂപ വീതവും ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുത്ത മുഴുവന്‍ ഹരിയാന സ്വദേശികള്‍ക്കും പത്തു ലക്ഷം രൂപ വീതവും സമ്മാനം നല്‍കി ഹരിയാന സര്‍ക്കാര്‍ പാരിതോഷികം നല്‍കുന്നതില്‍ തങ്ങളെ തോല്‍പ്പിക്കാന്‍ ആരുമില്ലെന്ന് തെളിയിച്ചു.

ഒളിമ്പിക്‌സ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളില്‍ ഇന്ത്യയ്ക്കായി സ്വര്‍ണം നേടുന്ന ആദ്യ താരമാണ് നീരജ് ചോപ്ര. വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും. 2008 ബെയ്ജിങ് ഒളിമ്പിക്‌സില്‍ അഭിനവ് ബിന്ദ്ര ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയിരുന്നു. ശനിയാഴ്ച നടന്ന ഫൈനലിന്റെ ആദ്യ റൗണ്ടില്‍ രണ്ടാം ശ്രമത്തില്‍ കുറിച്ച 87.58 മീറ്റര്‍ ദൂരമാണ് നീരജിന് സ്വര്‍ണം നേടിക്കൊടുത്തത്.

Related News