വാക്സിന്‍ സ്വീകരിച്ച കുട്ടികളില്‍ പാര്‍ശ്വ ഫലങ്ങളില്ലെന്ന് ആരോഗ്യ മന്ത്രാലയം

  • 08/08/2021

കുവൈത്ത് സിറ്റി: കൊവിഡ് വാക്സിന്‍ സ്വീകരിച്ച 12നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയെന്ന് കണക്കുകള്‍. 2000ത്തില്‍ ഏറെ കുട്ടികളില്‍ നടത്തിയ പഠനത്തില്‍ ഈ പ്രായപരിധിയില്‍ വാക്സിന്‍ വളരെ സുരക്ഷിതവും ഫലപ്രാപ്തിയും ഉള്ളതാണെന്ന് ജാബര്‍ അല്‍ അഹമ്മദ് ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. ഖാലിദ് ഖലന്ധാര്‍ പറഞ്ഞു. 

മഹാമാരിയുടെ തുടക്കം മുതല്‍ ദിവസേന രോഗം ബാധിച്ച് കുട്ടികള്‍ ആശുപത്രികളില്‍ പ്രവേശിക്കപ്പെട്ടിരുന്നു. എന്നാല്‍, രോഗം ബാധിച്ച് മരണപ്പെടുന്ന കുട്ടികള്‍ വളരെ ചുരുക്കമായിരുന്നു. കൂടുതല്‍ കേസുകള്‍ വന്നിരുന്നത് മറ്റ് രോഗങ്ങളുള്ള ഹൈ റിസ്ക്ക് കാറ്റഗറിയിലുള്ള കുട്ടികള്‍ക്കായിരുന്നു. ഇതോടെയാണ് ഈ വിഭാഗത്തിന് പറ്റുന്നത്ര വേഗത്തില്‍ വാക്സിന്‍ നല്‍കണമെന്ന നിര്‍ദേശം വന്നത്. 

12നും 15നും ഇടയില്‍ പ്രായമുള്ളവരിലെ വാക്സിനേഷന്‍ ക്യാമ്പയിന്‍ ആരംഭിച്ച ശേഷം ഇതുവരെ പ്രതിരോധ കുത്തിവയ്പ്പ് എടുത്തവരില്‍ അപ്രതീക്ഷിതമായ ലക്ഷണങ്ങള്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

അതേസമയം, പ്രതിദിനം കൊവിഡ് വാക്സിന്‍ എടുക്കുന്നതിനുള്ള അപ്പോയിന്‍മെന്‍റ്  ലഭിക്കുന്നത് 100,000 പേര്‍ക്കാണെന്ന് കൊവി‍ഡ് ഉപദേശക കമ്മിറ്റി അംഗം ഡോ. ഖാലിദ് അല്‍ സെയ്ദ് പറഞ്ഞു. പ്രതിദിനം ജനസംഖ്യയുടെ രണ്ട് ശതമാനത്തിനാണ് വാക്സിന്‍ നല്‍കുന്നത്. രാജ്യം സാമൂഹിക പ്രതിരോധശേഷിയിലേക്ക് അടുക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News