ഇന്ത്യക്കാരുടെ കുവൈത്തിലേക്കുള്ള നേരിട്ടുള്ള പ്രവേശനം; ആരോഗ്യ മന്ത്രാലയം അധികൃതരുമായി ഇന്ത്യൻ അംബാസഡർ ചര്‍ച്ച നടത്തി

  • 10/08/2021

കുവൈത്ത് സിറ്റി : ഇന്ത്യൻ അംബാസഡർ സിബി ജോർജ് ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുസ്തഫ റെഡയുമായി കൂടികാഴ്ച നടത്തി. ഇന്ത്യക്കാരുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട  പ്രശ്നങ്ങൾ ഇരുവരും ചര്‍ച്ച ചെയ്തതായി എംബസ്സി പുറത്തിറക്കിയ വാര്‍ത്താകുറുപ്പില്‍ അറിയിച്ചു. ആരോഗ്യ മേഖലയില്‍ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ നിര്‍ദ്ദേശങ്ങളും ഇന്ത്യന്‍ പ്രവാസികളുടെ  വാക്സിനേഷനുമായി ബന്ധപ്പെട്ട വിഷങ്ങളും സാധുവായ താമസരേഖയുള്ള ഇന്ത്യക്കാരുടെ തിരിച്ച് വരവും ഇന്ത്യയില്‍ നിന്നും നേരിട്ടുള്ള യാത്രക്കാരുടെ വരവും ആരോഗ്യ പ്രവര്‍ത്തകരുടെ റിക്രൂട്ട്മെന്‍റ്  നടപടിക്രമങ്ങൾ ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തതായി എംബസ്സി അധികൃതര്‍ അറിയിച്ചു. 

ഇന്ത്യൻ നഴ്‌സുമാർക്കും അവരുടെ കുടുംബങ്ങൾക്കുമായി കുവൈറ്റിലേക്ക്  നേരിട്ടുള്ള പ്രവേശനം ഉടൻ അനുവദിക്കും. വിദേശത്ത് നിന്നും വാക്സിന്‍ സ്വീകരിച്ച പ്രവാസികളുടെ സര്‍ട്ടിഫിക്കറ്റ് അംഗീകാരം നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തിയതായും വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ ക്യുആർ കോഡ് സ്കാനിംഗുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവ തത്സമയം പരിഹരിക്കുമെന്നും ഡോ. മുസ്തഫ റെഡ അറിയിച്ചു. വാക്സിനേഷന്‍ ഇളവ് നല്‍കിയവരില്‍  18 വയസ്സിന് താഴെയുള്ള കുട്ടികളും ഗർഭിണികളും ഉൾപ്പെടുന്നുവെന്നും ഡോ. ​​റെധ വ്യക്തമാക്കി. ഇന്ത്യക്കാരുടെ  നേരിട്ടുള്ള പ്രവേശനം സംബന്ധിച്ച വ്യക്തമായ നടപടിക്രമങ്ങൾ അടുത്ത ദിവസങ്ങളില്‍ തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്സിനേഷന്‍ കാമ്പയിന്‍റെ ഭാഗമായി ഇന്ത്യന്‍ പ്രവാസി സമൂഹത്തില്‍ വാക്സിനേഷൻ അവബോധം സൃഷ്ടിക്കുന്നതിനുമുള്ള പദ്ധതികളും യോഗത്തില്‍ ചര്‍ച്ചയായതായി എംബസ്സി അറിയിച്ചു. 

Related News