കുവൈത്തിൽ സ്കൂളുകള്‍ തുറക്കാനുള്ള പദ്ധതികള്‍ തയാറാകുന്നു

  • 11/08/2021

കുവൈത്ത് സിറ്റി: കൊവിഡ് പ്രതിസന്ധി മൂലം അടഞ്ഞു കിടക്കുന്ന സ്കൂളുകള്‍ തുറക്കുന്നതിനുള്ള ഒരു ബദല്‍ പദ്ധതി വിദ്യാഭ്യാസ വകുപ്പ് തയാറാക്കുന്നു. ഒരു ദിവസം മുഴുവന്‍ പ്രവര്‍ത്തിച്ച ശേഷം അടുത്ത ദിവസം അവധി കൊടുക്കുന്ന തരത്തിലാണ് പദ്ധതികള്‍ തയാറാകുന്നത്. 

വിദ്യാഭ്യാസ മന്ത്രിയുടെയും മറ്റ് ബന്ധപ്പെട്ടവരുടെയും അനുമതി ലഭിച്ച ശേഷം പദ്ധതി മന്ത്രിസഭയുടെ മുന്നില്‍ അവതരിപ്പിക്കും. ഇതിന് ശേഷമാകും അന്തിമ തീരുമാനം ഉണ്ടാവുക. 

വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വാക്‌സിനേഷൻ നിർബന്ധമാക്കും, വാക്‌സിനേഷൻ എടുക്കാത്തവർക്ക്   പിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. ഓരോ ക്ലാസ് മുറിയിലും ഉള്ള വിദ്യാർത്ഥികളുടെ എണ്ണം 20 മാത്രമായി പരിമിതപ്പെടുത്തും എന്നിങ്ങനെയാണ് നിർദ്ദേശങ്ങൾ. 

വിദ്യാഭ്യാസ മന്ത്രി ഡോ. അലി അല്‍ മുദ്‍ഹാഫ് അസിസ്റ്റന്‍റ്  ഏജന്‍റുകളെ അടക്കം കണ്ട് വിദ്യാഭ്യാസ മേഖല തരണം ചെയ്യേണ്ട വെല്ലുവിളികളെ കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഒരു ക്ലാസിലെ വിദ്യാര്‍ത്ഥികളെ തന്നെ രണ്ടാക്കി വിഭജിച്ച് പ്ലാന്‍ ബിയും തയാറാക്കുന്നുണ്ട്.പദ്ധതിപ്രകാരം സ്കൂളിലെ വിദ്യാർത്ഥികളെ രണ്ട് ഗ്രൂപ്പുകളായി തിരിക്കും. ഓരോ ഗ്രൂപ്പും ഒന്നിടവിട്ട ദിവസങ്ങളിൽ മുഴുവൻ ദിവസത്തെ ഓഫ്‌ലൈൻ ക്ലാസിൽ പങ്കെടുക്കാം,  അടിസ്ഥാന വിഷയങ്ങൾ മാത്രമായിരിക്കും നിലവിൽ ഷെഡ്യൂൾ ചെയ്യുക, അത്യാവശ്യമല്ലാത്ത വിഷയങ്ങളുടെ പഠനം രണ്ടാം സെമസ്റ്ററിലേക്ക് മാറ്റിവയ്ക്കും.

Related News