മധ്യപ്രദേശില്‍ മെഡിക്കല്‍ പരീക്ഷാ ക്രമക്കേട്‌; ഞെട്ടിക്കുന്ന അന്വേഷണ റിപ്പോർട്ട്

  • 14/08/2021


ഭോപ്പാല്‍: 2013-ലെ വ്യാപം അഴിമതിക്ക് ശേഷം മധ്യപ്രദേശില്‍ ഏറ്റവും വലിയ അഴിമതിക്ക് സാധ്യതയുള്ള മെഡിക്കല്‍ പരീക്ഷ ക്രമക്കേടിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്.

300 ഓളം കോളേജുകളെ നിയന്ത്രിക്കുന്ന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആരോഗ്യ സര്‍വകലാശാലയുടെ പരീക്ഷാ ഫലങ്ങള്‍ സംബന്ധിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു.

മെഡിസിന്‍, ഡെന്റല്‍, നഴ്‌സിങ്, പാരാമെഡിസിന്‍, ആയുര്‍വേദം, ഹോമിയോപതി, യൂനാനി, യോഗ തുടങ്ങിയവ പഠിപ്പിക്കുന്ന എല്ലാ കോളേജുകളുടേയും ഭരണസമിതിയാണ് മെഡിക്കല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി എന്നറിയപ്പെടുന്ന മധ്യപ്രദേശ് ആയുര്‍വിജ്ഞാന്‍ വിശ്വവിദ്യാലയം.

മുന്നൂറോളം കോളേജുകളിലായി 80,000 ത്തോളം വിദ്യാര്‍ഥികള്‍ ഈ സര്‍വകലാശാലയ്ക്ക്‌ കീഴീല്‍ പഠനം നടത്തുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പരീക്ഷ എഴുതാത്ത ചില വിദ്യാര്‍ഥികള്‍ വിജയിച്ചതായി വിവരാവകാശ പ്രവര്‍ത്തകന്‍ അഖിലേഷ് ത്രിപാഠി പരാതി നല്‍കിയതോടെയാണ് ക്രമക്കേട് പുറത്തുവരുന്നത്‌. മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി വിശ്വാസ സാരാംഗ് കഴിഞ്ഞ വര്‍ഷം മെയില്‍ ഇത് സംബന്ധിച്ച അന്വേഷണത്തിന് ഉത്തരവിട്ടു.

മൂന്ന് സര്‍വകലാശാല ഉദ്യോഗസ്ഥരും ഐടി വിദഗ്ദ്ധരുമടങ്ങുന്ന അന്വേഷണ സംഘം ആരോപണങ്ങള്‍ പരിശോധിച്ച് കഴിഞ്ഞ മാസം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.‍ മാർക്ക് ലിസ്റ്റുകള്‍ സര്‍വകലാശാ കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് പകരം ഒരു സ്വകാര്യ കമ്പനിയാണ് കൈവശം വെച്ചിരിക്കുന്നതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. 

ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിലും ഉത്തരക്കടലാസ് പരിശോധിക്കുന്നതിലും പുനര്‍മൂല്യ നിര്‍ണയം നടത്തുന്നതിലും മാര്‍ക്ക്ഷീറ്റുകള്‍ വിതരണം ചെയ്യുന്നതിലുടമക്കം ഗുരുതരമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. സ്വകാര്യ കമ്പനിയുടെ സെര്‍വര്‍ സര്‍വകലാശാലയുടെ രഹസ്യ മുറിയിലാണെങ്കിലും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടും ഇതിന്റെ ഡാറ്റബേസ് നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡാറ്റ കൈമാറ്റത്തിനും മാര്‍ക്ക് ലിസ്റ്റുകള്‍ തിരുത്തുന്നതിനുമുള്ള യാതൊരു തടസ്സവുമില്ല. 

മാര്‍ക്കുകള്‍ എപ്പോള്‍ വേണമെങ്കിലും തിരുത്താവുന്നതാണ്. ഇത് തടയുന്നതിനുള്ള വിവിധ സംരക്ഷണങ്ങളും ലംഘിക്കപ്പെട്ടതായി അന്വേഷണസംഘം പറയുന്നു.
സര്‍വകലാശായിലെ ഒരു പരീക്ഷാ കണ്‍ട്രോളര്‍, ഒരു ക്ലര്‍ക്ക്, ഒരു കരാര്‍ ജീവനക്കാരന്‍ എന്നിവര്‍ ഫലം പ്രസിദ്ധീകരിക്കുന്നതിന് മുമ്പായി വിദ്യാര്‍ഥികളുടെ മാര്‍ക്ക് തിരുത്തിയതായി അന്വേഷണ സമിതി കണ്ടെത്തി. ഇത് സര്‍വകലാശാലയുടെ പരീക്ഷകളുടെ വിശ്വാസ്യത സംബന്ധിച്ച ഗുരുതരമായ ചോദ്യങ്ങളാണ് ഉയര്‍ത്തിയിട്ടുള്ളത്.

അതേ സമയം ഈ കണ്ടെത്തലുകള്‍ക്ക് ശേഷവും സ്വകാര്യ കമ്പനിക്കെതിരെ ഒരു നിയമ നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് പരാതിക്കാരനായ അഖിലേഷ് ത്രിപാഠി പറയുന്നത്. കരാര്‍ റദ്ദാക്കുക മാത്രമാണ് ചെയ്തത്. കരാര്‍ റദ്ദാക്കിയതിനെതിരെ ഈ കമ്പനി ഹൈക്കോടതിയെ സമീപിച്ചുവെന്നും ത്രിപാഠി എന്‍ഡിടിവിയോട് പ്രതികരിച്ചു.

Related News