കനത്ത സുരക്ഷയിൽ ഇന്ത്യയിൽ സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കമായി: സ്വാതന്ത്ര്യസമര പോരാളികളെ അനുസ്മരിച്ച് പ്രധാനമന്ത്രി

  • 15/08/2021


ന്യൂഡെല്‍ഹി: രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കമായി. കനത്ത സുരക്ഷയിലാണ് രാജ്യതലസ്ഥാനത്ത് ആഘോഷങ്ങള്‍ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. രാവിലെ ഏഴ് മണിയോടെ രാഷ്ട്രപിതാവിന്റെ സമാധി സ്ഥലമായ രാജ്ഘട്ടിലെത്തി പ്രധാനമന്ത്രി പുഷ്പാര്‍ച്ച നടത്തി. 7.30ഓടെ ചെങ്കോട്ടയിലെത്തി പതാക ഉയര്‍ത്തി. സേനാ വിഭാഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.

പുതു ഊര്‍ജം നല്‍കുന്ന വര്‍ഷമാകട്ടെയെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി ആശംസിച്ചു. എല്ലാ സ്വാതന്ത്ര്യസമര പോരാളികളെയും സ്മരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത്തവണ ഒളിമ്പ്യന്മാര്‍ എല്ലാവരുടെ ഹൃദയം കീഴടക്കി. തലമുറകള്‍ ഇവരെ ഓര്‍മ്മിക്കും. ഒളിമ്പിക്സ് വേദിയില്‍ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ കായിക താരങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

എല്ലാ ഓഗസ്റ്റ് 14 ലും വിഭജനത്തിന്റെ മുറിവുകള്‍ ഓര്‍മ്മപ്പെടുത്തുന്നതാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്ക് സ്വന്തമായി കൊറോണ വാക്‌സിന്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞത് നേട്ടമായി എന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊറോണ മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ മുന്നില്‍ നിന്ന് പടനയിച്ച ആരോഗ്യപ്രവര്‍ത്തകര്‍, ശുചീകരണതൊഴിലാളികള്‍, വാക്സിന്‍ വികസിപ്പിക്കാന്‍ പ്രയത്നിച്ച ശാസ്ത്രജ്ഞര്‍ എന്നിവരെ രാജ്യം ആദരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ധീരമായാണ് രാജ്യം കൊറോണയ്‌ക്കെതിരെ പോരാടിയത്. ലോകത്ത് തന്നെ ഏറ്റവും മികച്ച വാക്‌സിനേഷന്‍ പരിപാടിയാണ് രാജ്യത്ത് നടക്കുന്നത്. 54 കോടി ആളുകളിലേക്ക് വാക്‌സിന്‍ എത്തി. കൊവിന്‍ പോര്‍ടല്‍ ലോകത്തിന് മാതൃകയാണെന്നും മോദി പറഞ്ഞു. രോഗവ്യാപനം ലോക രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞു. എന്നാല്‍, വലിയ പരിശ്രമത്തിലും ഒരുപാട് പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയാതെപോയി.

കൊറോണ വലിയ വെല്ലുവിളിയായിരുന്നു. എല്ലാവരിലേക്കും ഒരുപോലെ എത്തുന്ന വികസനമാണ് ലക്ഷ്യം. കഠിനാദ്ധ്വാനത്തിലൂടെ മാത്രമെ ലക്ഷ്യം കൈവരിക്കാനാകു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേതാജി സുഭാഷ് ചന്ദ്ര ബോസ്, ഭഗത് സിങ്, രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു എന്നിവരേയും പ്രധാനമന്ത്രി അനുസ്മരിച്ചു. മേഖലകളുടെ വേര്‍തിരിവില്ലാതെ വടക്ക് കിഴക്ക്, ജമ്മു കശ്മീര്‍ ഉള്‍പ്പെടുന്ന ഹിമാലയം, ലഡാക്, നമ്മുടെ തീരദേശമേഖല, ആദിവാസി സമൂഹം എന്നിവര്‍ ഭാവി ഇന്ത്യയുടെ വികസനത്തിന് അടിത്തറ പാകുമെന്നും മോദി പറഞ്ഞു.

Related News