പെഗാസസ് വിവാദം: അന്വേഷണത്തിന് വിദഗ്ദ്ധ സമിതിയെ നിയോഗിക്കാമെന്ന് പറഞ്ഞ കേന്ദ്ര സർക്കാരിനോട് വിശദമായ സത്യവാങ്മൂലം ആവശ്യപ്പെട്ട് സുപ്രീംകോടതി

  • 16/08/2021



ന്യൂഡെൽഹി: പെഗാസസ് ഫോൺചോർത്തൽ വിവാദത്തിൽ അന്വേഷണത്തിന് വിദഗ്ദ്ധ സമിതിയെ നിയോഗിക്കാമെന്ന് പറഞ്ഞ കേന്ദ്ര സർക്കാരിനോട് വിശദമായ സത്യവാങ്മൂലം ആവശ്യപ്പെട്ട് സുപ്രീംകോടതി. പെഗാസസുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങൾ സ്വതന്ത്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. ഹർജികളിൽ നാളെ വീണ്ടും വാദം നടക്കും. ഫോൺ ചോർത്തിയോ, ചോർത്തലിന് ആര് അനുമതി നൽകി എന്നത് സംബന്ധിച്ച് പരിശോധിക്കാൻ സമിതിക്ക് ആകുമോ എന്ന് കോടതി ആരാഞ്ഞു. എന്നാൽ കോടതിക്ക് ഇതിന്റെ പരിഗണനാ വിഷയങ്ങൾ തീരുമാനിക്കാമെന്ന് കേന്ദ്രം വ്യക്തമാക്കി. കൂടുതൽ വ്യക്തതക്ക് വിശദമായ സത്യവാങ്മൂലം സമർപ്പിക്കുമോ ഇല്ലയോ എന്നത് സർക്കാർ നാളെ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

'ഇസ്രായേലി സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ചിട്ടുണ്ടോ ഇല്ലയോ എന്നത് സർക്കാർ വ്യക്തമാക്കണം. അത് ഹർജിക്കാർ ആവശ്യപ്പെടുന്നുണ്ട്. നിയമവിരുദ്ധമായ ഇടപെടുലകളെ കുറിച്ച് അന്വേഷിക്കാൻ എന്ത് നടപടികളാണ് എടുത്തിട്ടുള്ളത്. സർക്കാരിന് വേണമെങ്കിൽ ഇക്കാര്യങ്ങളെല്ലാം ഉൾപ്പെടുത്തി വിശദമായ സത്യവാങ്മൂലം സമയമെടുത്ത് നൽകാം' ചീഫ് ജസ്റ്റിസ് എൻ.വി.രമണ സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയോട് പറഞ്ഞു.

സർക്കാർ സത്യവാങ്മൂലം സമർപ്പിക്കാൻ വിമുഖത കാണിക്കുകയും സമർപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പറയുകയാണെങ്കിൽ എന്ത് ചെയ്യാൻ സാധിക്കുമെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.

അവർ അങ്ങനെ പറയുകയാണെങ്കിൽ വിഷയം കൂടുതൽ ഗൗരവമായിത്തീരുമെന്നും കാരണം അവർ ആരോപണങ്ങൾ നിഷേധിക്കുന്നില്ലെന്നാണ് അതിൽ നിന്ന് വ്യക്തമാകുന്നതെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടി.

അതേ സമയം പെഗാസസുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ ഉയർന്ന എല്ലാ ആരോപണങ്ങളും കേന്ദ്രം നിഷേധിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുന്നതിന് ഒരു വിദഗ്ദ്ധ സമിതി രൂപീകരിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. സുപ്രീംകോടതിയിൽ സമർപ്പിച്ച രണ്ടു പേജുള്ള സത്യവാങ്മൂലത്തിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യങ്ങൾ അറിയിച്ചത്.

ഊഹാപോഹങ്ങളുടേയും അനുമാനങ്ങളുടേയും സ്ഥിരീകരണമില്ലാത്ത മാധ്യമ റിപ്പോർട്ടുകളുടേയും അടിസ്ഥാനത്തിലുള്ളതാണ് ഹർജികളെന്നും കേന്ദ്രം കൂട്ടിച്ചേർത്തു.

അവർ പെഗാസസ് ഒരിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് പറഞ്ഞാൽ ഒരു സമിതിയുടെ ആവശ്യമില്ല. അവർ പെഗാസസ് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ഒരു സമിതി സർക്കാർ രൂപീകരിക്കുന്നത് ഞങ്ങൾ ആവശ്യപ്പെടുന്നില്ലെന്നും കപിൽ സിബൽ വ്യക്തമാക്കി. കേന്ദ്രം എപ്പോഴെങ്കിലും പെഗാസസ് ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ സത്യസന്ധമായി ഉത്തരം പറയണമെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു.

Related News