ഭീകരർക്കെതിരേ ആയുധമെടുത്ത വനിതാ ഗവര്‍ണര്‍ സലീമ മസാരിയെ താലിബാൻ പിടികൂടി

  • 18/08/2021


കാബുള്‍: സ്ത്രീകൾക്കെതിരേ നടപടിയുണ്ടാകില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കുമ്പോഴും താലിബാൻ ഭീകരതയുടെ കപടമുഖം മറനീക്കി പുറത്ത്. അഫ്ഗാനിസ്ഥാനിലെ ആദ്യ വനിതാ ഗവര്‍ണര്‍മാരിലൊരാളായ സലീമ മസാരിയെയാണ് താലിബാന്‍ പിടികൂടിയത്. താലിബാനെ നേരിടാന്‍ ആയുധമെടുത്ത വനിത എന്ന നിലയില്‍ ആഗോള പ്രശസ്തയായ വ്യക്തയായിരുന്നു സലീമ.

ഇവരുടെ നിലവിലെ അവസ്ഥയെക്കുറിച്ച് അറിവില്ല. താലിബാന്‍ പ്രവിശ്യകള്‍ ഓരോന്നായി കീഴടക്കി മുന്നേറിയപ്പോള്‍ ശക്തമായ പ്രതിരോധം ഉയര്‍ത്തിയ ബാല്‍ഖ് പ്രവിശ്യയിലാണ് സലീമ പോരാളിയായത്. താലിബാനെ ഭയന്ന് അഫ്ഗാന്‍ പ്രസിഡന്റുള്‍പ്പടെയുള്ള രാഷ്ട്രീയ നേതാക്കള്‍ രാജ്യം വിട്ടുപോയപ്പോഴും, സലിമ മസാരി ബാല്‍ഖ് പ്രവിശ്യ കീഴടങ്ങുന്നതുവരെ തുടര്‍ന്നു. അവരുടെ ചഹര്‍ കിന്റ് ജില്ല താലിബാന്‍ കീഴടക്കിയിരുന്നു.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, അഫ്ഗാനിസ്ഥാനിലെ മൂന്ന് ഗവര്‍ണര്‍മാരില്‍ ഏക വനിതാ ഗവര്‍ണറായിരുന്നു സലീമ മസാരി. അഫ്ഗാന്‍ പ്രവിശ്യകള്‍ എല്ലാം പോരാട്ടങ്ങളില്ലാതെ കീഴടങ്ങിയപ്പോള്‍, ബാല്‍ഖ് പ്രവിശ്യയിലെ തന്റെ ജില്ലയായ ചഹര്‍ കിന്റിനെ നിലനിര്‍ത്താന്‍ സലീമ ഏറെ പോരാടി. മ്റ്റുള്ളവര്‍ രാജ്യം വിട്ടപ്പോഴും സലീമ മന്‍സാരി മറ്റൊരിടത്തും അഭയം തേടിയില്ല. ഇതേ തുടര്‍ന്നാണ് വനിതാ നേതാവിനെ താലിബാന്‍ പിടികൂടിയത്.

അവസാന വീഴ്ചയ്ക്കു മുമ്പു വരെ ഒരു വനിതയുടെ നിയന്ത്രണത്തിലുള്ള ചഹര്‍ കിന്റ് മാത്രമാണ് ഈ മേഖലയില്‍ ഏതെങ്കിലും തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് കീഴ്പെടാതെ നിലനിന്നത്. കഴിഞ്ഞ വര്‍ഷം 100 താലിബാന്‍ പോരാളികളുടെ കീഴടങ്ങലിനായി ചര്‍ച്ച നടത്തിയത് സലീമ മസാരിയായിരുന്നു.

Related News