ഇന്ത്യയില്‍ നിന്നും നേരിട്ടുള്ള വിമാനങ്ങള്‍ക്ക് അനുമതി നല്‍കി കുവൈത്ത്; യാത്രക്കാരുടെ എണ്ണം 7500 ൽ നിന്നു 15000 ആക്കി ഉയർത്തി

  • 18/08/2021

കുവൈത്ത് സിറ്റി : ഏറെ ദിവസങ്ങളുടെ അനിശ്ചിതത്വത്തിന് ശേഷം ഇന്ത്യയില്‍ നിന്നുള്ള നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കി കുവൈത്ത് സര്‍ക്കാര്‍. ഇന്ന് വൈകീട്ട് ചേര്‍ന്ന നിര്‍ണ്ണായക മന്ത്രിസഭ യോഗത്തിലാണ് പ്രവാസികള്‍ക്ക് ആശ്വാസകരമായ തീരുമാനം കൈകൊണ്ടത്,അടുത്ത ഞായറാഴ്ച മുതലാണ്‌ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരികയെന്ന് അധികൃതര്‍ അറിയിച്ചു. 

ഇതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ കുടുങ്ങികിടക്കുന്ന ആയിരക്കണക്കിന് പ്രവസികള്‍ക്ക് കുവൈത്തിലേക്ക് മടങ്ങനാകും.പുതിയ തീരുമാനത്തോടെ ഇന്ത്യ, ഈജിപ്ത്, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ  രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കുവൈത്തിലേക്ക് നേരിട്ട്  പ്രവേശിക്കുവാന്‍ സാധിക്കും. അതിനിടെ കുവൈത്ത് വിമാനത്താവളത്തിൽ ഇറങ്ങുന്ന യാത്രക്കാരുടെ എണ്ണം വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. പ്രതിദിനം എത്തുന്ന യാത്രക്കാരുടെ എണ്ണം 7500 ൽ നിന്നു 15000 ആക്കി ഉയർത്താനാണു തീരുമാനം. വ്യോമയാന വകുപ്പ് വിമാന കമ്പനികളിൽ നിന്നു ലഭിക്കുന്ന അപേക്ഷ അനുസരിച്ചു ക്വോട്ട നിർണയിച്ചു നൽകുമെന്ന് അധികൃതര്‍ അറിയിച്ചു. 


Related News