ആണ്‍കുഞ്ഞിന് വേണ്ടി ഭര്‍ത്താവ് നിര്‍ബന്ധിച്ച് ഗര്‍ഭം അലസിപ്പിച്ചത് 8 തവണ; 1500 ഓളം തവണ സ്റ്റിറോയിഡ് കുത്തിവെച്ചു

  • 19/08/2021


ഡല്‍ഹി: ആണ്‍കുഞ്ഞുണ്ടാവാനുള്ള ആഗ്രഹത്താല്‍ ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ബന്ധിച്ചെന്ന് പരാതി. ഭര്‍ത്താവ് എട്ട് തവണ നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം ചെയ്യിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. നാല്പത്കാരിയായ മുംബൈ സ്വദേശിനിയാണ് ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതി നല്‍കിയത്.

നിര്‍ബന്ധിച്ച് സ്റ്റിറോയിഡ് കുത്തിവെപ്പ് നല്‍കിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഇത് വരെ 1500 ഓളം തവണ കുത്തിവെയ്പ്പ് എടുപ്പിച്ചു എന്നും പരാതിയില്‍ പറയുന്നു. 2007ല്‍ വിവാഹം കഴിഞ്ഞ യുവതിയെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആണ്‍കുഞ്ഞുണ്ടാവാത്തതിന്റെ പേരില്‍ ദിവസവും ദേഹോപദ്രവം ചെയ്തിരുന്നു.

2009 ല്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ യുവതി 2011 ല്‍ വീണ്ടും ഗര്‍ഭിണിയായിരുന്നു. എന്നാല്‍ ഭര്‍ത്താവ് യുവതിയെ ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ബന്ധിച്ചു. ഇംപ്ലാന്റേഷന് മുന്‍പ് ജനിതക രോഗനിര്‍ണ്ണയം നടത്താനായി ബാങ്കോക്കിലേക്ക് കൂട്ടികൊണ്ട് പോവുകയും അവിടെ വച്ച് ലിംഗനിര്‍ണ്ണയം നടത്തിയെന്നും പരാതിയില്‍ പറയുന്നു.

വിദേശത്ത് വച്ച് 1500 ഓളം ഹോര്‍മ്മോണ്‍, സ്റ്റിറോയിഡ് കുത്തിവെയ്പ്പുകള്‍ക്കും യുവതി വിധേയയായി. അഭിഭാഷകനാണ് ഭര്‍ത്താവ്. കുടുംബവും സ്വത്തും നോക്കാന്‍ മകന്‍ വേണമെന്ന ആഗ്രഹമാണ് ഭര്‍ത്താവിനെക്കൊണ്ട് ഈ ക്രൂരത ചെയ്യിപ്പിച്ചത്. അഭിഭാഷകയായ ഭര്‍ത്താവിന്റെ മാതാവും ഡോക്ടറായ ഭര്‍ത്താവിന്റെ സഹോദരിയും ഭര്‍ത്താവിന്റെ ചെയ്തികളെ അനുകൂലിച്ചതായും യുവതി കൂട്ടിചേര്‍ത്തു. പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related News