കാബൂളില്‍ 150 ഇന്ത്യന്‍ പൗരന്മാരെ താലിബാന്‍ സംഘം തടഞ്ഞുവെച്ചെന്ന് റിപ്പോര്‍ട്ട്

  • 21/08/2021



ന്യൂഡല്‍ഹി: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ അഫ്ഗാനിസ്താനില്‍ കുടുങ്ങിയ 150 ഇന്ത്യന്‍ പൗരന്മാരെ താലിബാന്‍ സംഘം തടഞ്ഞുവെച്ചെന്ന് റിപ്പോര്‍ട്ട്. കാബൂളിലെ ഹാമിദ് കര്‍സായി രാജ്യാന്തര വിമാനത്താവളത്തിന്റെ കവാടത്തിന് പുറത്തു നിന്നാണ് ഇന്ത്യക്കാരെ താലിബാന്‍ പിടിച്ചു കൊണ്ടു പോയതെന്നാണ് ലഭിക്കുന്ന വിവരം. അഫ്ഗാനിലെ പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

85 ഇന്ത്യക്കാരുമായി വ്യോമസേനയുടെ സി130 ജെ യാത്രാ വിമാനം പുറപ്പെട്ടതിന് പിന്നാലെയാണ് സംഭവം. ഇന്ത്യയിലേക്ക് മടങ്ങാന്‍ വാഹനങ്ങളില്‍ എത്തിയവരാണിവര്‍. എന്നാല്‍, ഇന്ത്യക്കാരെ താലിബാന്‍ പിടികൂടിയെന്ന വാര്‍ത്ത കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, വ്യോമസേനയുടെ സി130 ജെ യാത്രാ വിമാനം 85 പൗരന്മാരുമായി തജിക്കിസ്താനത്തിലെ ദുഷാന്‍മ്‌ബെ വ്യോമതാവളത്തില്‍ സുരക്ഷിതമായി ഇറങ്ങി. ഇവിടെ നിന്ന് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ആളുകളെ ഡല്‍ഹിയില്‍ എത്തിക്കും.

ഔദ്യോഗിക കണക്ക് പ്രകാരം 400 ഇന്ത്യന്‍ പൗരന്മാണ് അഫ്ഗാനിലുള്ളത്. എന്നാല്‍, അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ വിവിധ കമ്ബനികള്‍, അഫ്ഗാന്‍ സേനയുടെ ഭാഗമായി പ്രവര്‍ത്തിച്ചവര്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ 1500ഓളം പേര്‍ കുടുങ്ങി കിടക്കുന്നതായാണ് അനൗദ്യോഗിക കണക്ക്.

തജികിസ്താന്‍ വ്യോമതാവളമായി ഉപയോഗിച്ചാണ് പൗരന്മാരെ തിരികെ കൊണ്ടുവരാനുള്ള നീക്കം ഇന്ത്യ നടത്തുന്നത്. വ്യോമസേനയുടെ സി17 യുദ്ധവിമാനങ്ങളും സി130 ജെ യാത്രാ വിമാനവുമാണ് ഇതിനായി ഉപയോഗിക്കുന്നത്.

Related News