യുഎസ് അടക്കമുള്ള എല്ലാ രാജ്യങ്ങളുമായും ബന്ധം ആഗ്രഹിക്കുന്നു: താലിബാൻ

  • 21/08/2021


 
കാബൂള്‍: അമേരിക്കയുള്‍പ്പടെ ലോകത്തെ എല്ലാ രാജ്യങ്ങളുമായും സാമ്പത്തിക - വാണിജ്യ ബന്ധങ്ങളിലേര്‍പ്പെടാന്‍ താത്പര്യപ്പെടുന്നതായി താലിബാന്‍. 'ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താന്‍ എല്ലാ രാജ്യങ്ങളുമായും നയതന്ത്രപരവും വാണിജ്യപരവുമായ ബന്ധത്തിന് ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് അമേരിക്കയുമായി' താലിബാന്‍ സഹസ്ഥാപകന്‍ മുല്ല അബ്ദുള്‍ ഗനി ബരാദര്‍ പറഞ്ഞതായി ചൈനീസ് വാര്‍ത്താ ഏജന്‍സ റിപ്പോര്‍ട്ട് ചെയ്തു. 
യുഎസുമായി നയതന്ത്ര - വാണിജ്യ ബന്ധം സ്ഥാപിക്കില്ലെന്ന് താലിബാന്‍ പ്രഖ്യാപിച്ചെന്ന വാര്‍ത്ത  ബരാദര്‍ തള്ളി. ഏതെങ്കിലും രാജ്യവുമായി വാണിജ്യ ബന്ധം വിച്ഛേദിക്കുന്നത് സംബന്ധിച്ച് ഞങ്ങള്‍ ഒരിക്കലും സംസാരിക്കില്ല. ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത അഭ്യൂഹങ്ങള്‍ മാത്രമാണ്. ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ കാബൂളിലെത്തിയ ഗനി അഫ്ഗാന്‍ രാഷ്ട്രീയ നേതാക്കളുമായി സര്‍ക്കാര്‍ രൂപവത്കരണം സംബന്ധിച്ച് ഔപചാരിക ചര്‍ച്ചകള്‍ ആരംഭിച്ചു. അഫ്ഗാനിസ്താന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തിട്ട് ഇന്നേക്ക് ഏഴാം ദിവസമാണ്. കഴിഞ്ഞ ഏഴ് ദിവസങ്ങളായി ബാങ്കുകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ പണലഭ്യത സംബന്ധിച്ച് ആളുകള്‍ക്കിടയില്‍ ഭീതി പടരുന്നുണ്ട്.
ഇതിനിടെ, അഫ്ഗാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ യുഎസ് വിമാനങ്ങള്‍ ശനിയാഴ്ച പുനരാരംഭിച്ചു. ഒഴിപ്പിക്കല്‍ നടപടി വെള്ളിയാഴ്ച യു.എസ് നിര്‍ത്തിവച്ചിരുന്നു.

Related News