ഇന്ത്യ ഉൾപ്പെടെ ആറ് രാജ്യങ്ങളിൽ നിന്നുള്ള നേരിട്ടുള്ള ഫ്ലൈറ്റ്; നിര്‍ണ്ണായക യോഗം ഇന്ന്

  • 22/08/2021

കുവൈത്ത് സിറ്റി : ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍റെ ഇന്ന് നടക്കുന്ന യോഗത്തില്‍ ഇന്ത്യ ഉൾപ്പെടെ ആറ് രാജ്യങ്ങളിൽ നിന്നുള്ള നേരിട്ടുള്ള ഫ്ലൈറ്റുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെകുമെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണവും മറ്റ് വിഷയങ്ങളും ഇന്നത്തെ യോഗത്തില്‍ തീരുമാനമാകും. കഴിഞ്ഞയാഴ്ച, ഈജിപ്ത്, ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ എന്നീ ആറ് രാജ്യങ്ങളുമായുള്ള നേരിട്ടുള്ള വിമാനങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകിയെങ്കിലും ഡിജിസിഎയുടെ ഒദ്യോഗിക വിശദീകരണം വന്നിരുന്നില്ല.അതിനിടെ  ഡിജിസിഎ സര്‍ക്കുലര്‍ ലഭിച്ചാല്‍ ബുക്കിംഗ്  സ്വീകരിക്കുമെന്ന് വിമാനക്കമ്പനികൾ അറിയിച്ചു. 

കുവൈത്ത് അംഗീകൃത വാക്സിനെടുത്തവർക്ക് മാത്രമായിരിക്കും  ആദ്യഘട്ടത്തില്‍ പ്രവേശനത്തിനായുള്ള അനുമതി ഉണ്ടാകുന്നത്. ഫൈസർ, ഓക്സ്ഫഡ് അസ്ട്രാസെനക , മൊഡേണ, ജോൺസൻ ആൻഡ് ജോൺസൻ തുടങ്ങിയ വാക്സിനുകളാണ് കുവൈത്ത് അംഗീകൃതമായിട്ടുള്ളത്.അതേസമയം സിനോഫാം, സ്പുട്നിക് അടക്കം അംഗീകരിച്ചിട്ടില്ലാത്ത വാക്സിനെടുത്തവർ മൂന്നാം ഡോസായി കുവൈത്ത് അംഗീകൃത വാക്സിനെടുത്തിരിക്കണം. കുവൈത്തിൽ നിന്നും വാക്സിനെടുത്തവർ വിമാനത്താവളത്തിൽ പ്രവേശിക്കുമ്പോൾ  ഇമ്യൂൺ, കുവൈത്ത്  മൊബൈൽ ഐഡി തുടങ്ങിയ മൊബൈൽ ആപ്പുകളിലായി വാക്സിന്‍ സ്റ്റാറ്റസ് കാണിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. യാത്രപുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ ലഭിച്ച ആർ ടി പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാണ്. കുവൈത്തിലെത്തിയശേഷം ഏഴുദിവസം ക്വാറൻറീനിൽ കഴിയണമെന്നും അധികൃതര്‍ വ്യക്തമാക്കി.

Related News