ആനകൾക്ക് തിരിച്ചറിയൽ കാർഡ്, ദിവസേനയുള്ള കുളി: നാട്ടാനകളുടെ ക്ഷേമത്തിനായി പുതിയ നിബന്ധനകൾ കൊണ്ടുവന്ന് ശ്രീലങ്ക

  • 22/08/2021

കൊളംബോ: നാട്ടാനകളുടെ ക്ഷേമത്തിനായി ശ്രീലങ്കയിൽ പുതിയ നിബന്ധനകൾ നിലവിൽ വരുന്നു. പുതിയ വ്യവസ്ഥകൾ അനുസരിച്ച് ആനകൾക്ക് തിരിച്ചറിയൽ കാർഡ്, ദിവസേനയുള്ള കുളി എന്നിവ നിർബന്ധമാക്കും. കൂടാതെ ജോലിസമയത്ത് പാപ്പാൻമാർ മദ്യപിക്കുന്നത് കർശനമായി നിരോധിക്കും. വിശാലമായ പുതിയ മൃഗസംരക്ഷണ നിയമമനുസരിച്ചാണ് പുതിയ നിബന്ധനകൾ നിലവിൽ വരുന്നത്.

സമൂഹത്തിലെ സമ്പന്നവിഭാഗക്കാരിൽ പലരും തങ്ങളുടെ പ്രൗഢി കാണിക്കാൻ ആനകളെ പോറ്റുന്നത് ശ്രീലങ്കയിൽ പതിവാണ്. ഇതിൽ ബുദ്ധസംന്യാസികളും ഉൾപ്പെടും. അതേസമയം ആനകൾക്കെതിരെയുള്ള ക്രൂരതയേയും ആനകൾക്ക് നേരെയുള്ള മോശം പെരുമാറ്റത്തേയും കുറിച്ചുള്ള പരാതികൾ ശ്രീലങ്കയിൽ വ്യാപകമാണ്.

മുൻകാലത്തേക്കാൾ മൃഗങ്ങളുടെ സംരക്ഷണം അധികമായി ഉറപ്പുവരുത്താൻ രൂപീകരിച്ച പുതിയ നിയമം കൂടുതൽ ഊന്നൽ നൽകുന്നത് പലവിധ ജോലികൾക്കായി ഉപയോഗിക്കുന്ന ആനകളുടെ ക്ഷേമത്തിനാണ്. ആനകൾക്ക് ദിവസേന രണ്ടരമണിക്കൂർ നീണ്ടുനിൽക്കുന്നത് കുളി ഉറപ്പാക്കണമെന്ന് നിയമം നിഷ്കർഷിക്കുന്നു. ശ്രീലങ്കയിൽ ഇരുനൂറോളം ആനകളെ മെരുക്കി പല ജോലികൾക്കും ഉപയോഗിക്കുന്നതായാണ് ഔദ്യോഗിക കണക്ക്. രാജ്യത്തെ ആകെ ആനകളുടെ എണ്ണം 7,500 ഓളം വരും.

എല്ലാ ആനകൾക്കും ബയോമെട്രിക് ഫോട്ടോ ഐഡന്റിറ്റി കാർഡുകൾ നൽകും. കുട്ടിയാനകളെ ജോലികൾക്കോ എഴുന്നെള്ളത്തിനോ ഉപയോഗിക്കാൻ പാടില്ല. കൂടാതെ തള്ളയാനയിൽ നിന്ന് വേർപിരിക്കാനും പാടില്ലെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. നാല് മണിക്കൂർ മാത്രമായിരിക്കും തടിപിടിക്കുന്ന ആനകളുടെ ജോലിസമയം. രാത്രിസമയത്ത് ഇവയെ പണിയെടുപ്പിക്കുന്നതിലും വിലക്കുണ്ട്. ടൂറിസം വ്യവസായത്തിലും പുതിയ വ്യവസ്ഥകളുണ്ട്. ഒരു ആനപ്പുറത്ത് സവാരി നടത്തുന്നവരുടെ എണ്ണം നാലായി നിജപ്പെടുത്തി.

സിനിമകളിൽ ആനകളെ ഉപയോഗിക്കുന്നത് നിരോധിച്ചു. സർക്കാരിന്റെ നിർമ്മാണ സംരംഭങ്ങളിൽ മൃഗഡോക്ടറുടെ നിരീക്ഷണത്തിൽ ആനകളെ ഉപയോഗിക്കാവുന്നതാണ്. പാപ്പാൻമാർ ജോലിസമയത്ത് മദ്യമോ മറ്റ് ലഹരിപദാർഥങ്ങളോ ഉപയോഗിക്കുന്നില്ലെന്ന് ആനയുടെ ഉടമ ഉറപ്പുവരുത്തണമെന്ന് വന്യജീവി സംരക്ഷണവകുപ്പ് മന്ത്രി വിമലവീര ദിസ്സനായക വ്യാഴാഴ്ച ഗസറ്റിൽ പ്രസിദ്ധീകരിച്ച അറിയിപ്പിൽ നിർദേശിച്ചു. ആറ് മാസത്തിലൊരിക്കൽ ആനകൾക്ക് വൈദ്യപരിശോധന നിർബന്ധമാക്കി.

വ്യവസ്ഥകളിൽ വീഴ്ച വരുത്തുന്ന ഉടമകളിൽ നിന്ന് ആനകളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കും. ഉടമകൾക്ക് മൂന്ന് കൊല്ലം വരെ ജയിൽശിക്ഷ അനുഭവിക്കേണ്ടതായും വന്നേക്കാം. ആനകളെ പിടികൂടുന്നത് ശ്രീലങ്കയിൽ നിയമവിരുദ്ധമാണ്. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണെങ്കിലും നിയമനടപടികൾ അയവേറിയതായതിനാൽ ശിക്ഷാനടപടികൾ കുറവാണ്. പതിനഞ്ച് കൊല്ലത്തിനിടെ 40 കുട്ടിയാനകൾ ശ്രീലങ്കയിലെ ദേശീയോദ്യാനങ്ങളിൽ നിന്ന് മോഷ്ടിക്കപ്പെട്ടതായി മൃഗസംരക്ഷണ പ്രവർത്തകരും ആനവിദഗ്ധരും ആരോപിക്കുന്നു.

Related News