കുവൈറ്റ് വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനശേഷിയിലെ നിയന്ത്രണം മാറ്റണമെന്ന് ആവശ്യം.

  • 23/08/2021

കുവൈത്ത് സിറ്റി: ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്ന് കൂടെ നേരിട്ടുള്ള വിമാന സര്‍വ്വീസ് ആരംഭിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇന്ത്യയെ കൂടാതെ ഈജിപ്ത്, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്ന് വിമാന സര്‍വ്വീസ് ആരംഭിക്കാനാണ് കുവൈത്ത് അനുമതി നല്‍കിയത്. 

എന്നാല്‍, ഇത് സംബന്ധിച്ച് വിമാനത്താവളത്തില്‍ ഇതുവരെ അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ല. വ്യഴാഴ്ച ഉച്ചവരെ പ്രത്യേക അറിയിപ്പ് ഒന്നും വന്നിട്ടില്ലെന്നും അതുകൊണ്ട് എന്ന് സര്‍വ്വീസ് ആരംഭിക്കുമെന്ന കാര്യം പറയാനാവില്ലെന്നും വിമാനത്താവള അധികൃതര്‍ പറഞ്ഞു. 

എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള എയര്‍ റൂട്ട് തുറക്കാന്‍ വിമാനത്താവളം തയാറാണ്. രാജ്യത്ത് എത്തിച്ചേരുന്നവരുടെ എണ്ണം കൂട്ടാനും പ്രശ്നമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തേക്ക് വരുന്നവവരുടെ എണ്ണം പരിമിതപ്പെടുത്തുന്ന തീരുമാനം കൂടെ മാറ്റണമെന്ന് ട്രാവല്‍ ആന്‍ഡ് ടൂറിസം ഫെഡറേഷന്‍ തലവന്‍ മുഹമ്മദ് അല്‍ മുത്തൈരി ആവശ്യപ്പെട്ടു. 

ഈ തീരുമാനം മൂലം ചില എയര്‍ലൈനുകള്‍ക്ക് വളരെ കുറച്ച് യാത്രക്കാരെ മാത്രമേ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കുന്നുള്ളൂ. ഒപ്പം, പുതിയ സ്ഥലങ്ങളിലേക്കും സര്‍വ്വീസ് ആരംഭിക്കുമ്പോള്‍ അവിടെ നിന്നുള്ള യാത്രക്കാര്‍ക്ക് ടിക്കറ്റ് ലഭിക്കാന്‍ പ്രയാസമുണ്ടാകും. പരിധി റദ്ദാക്കിയില്ലെങ്കിൽ ചില വിമാനക്കമ്പനികൾക്ക് വഹിക്കാൻ കഴിയുന്ന പരിമിതമായ യാത്രക്കാർ കാരണം പ്രവർത്തിക്കാനാകില്ലെന്ന് അൽ-മുതൈരി വിശദീകരിച്ചു. 

Related News