ഇന്ത്യയില്‍ ഒക്ടോബറില്‍ മൂന്നാം തരംഗം; കുട്ടികളില്‍ രോഗ വ്യാപനത്തിന് സാധ്യത

  • 23/08/2021


ഇന്ത്യയില്‍ ഒക്ടോബറില്‍ മൂന്നാം തരംഗത്തിന് സാധ്യതയെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ വിദ്ഗധ സമിതി റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം നിയോഗിച്ച സമിതി പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. ഒക്ടോബര്‍ അവസാനത്തോടെ കൊവിഡ് തരംഗം ഉയര്‍ന്ന സംഖ്യയില്‍ എത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്. ഇത് മുന്നില്‍ കണ്ട് ആരോഗ്യ സംവിധാനങ്ങള്‍ സജ്ജമാക്കണമെന്നാണ് നിര്‍ദേശം. കുട്ടികളില്‍ രോഗ വ്യാപനത്തിന് സാധ്യത കണക്കിലെടുത്ത് നടപടികള്‍ സ്വീകരിക്കണം.

മറ്റു ആരോഗ്യ പ്രശ്‌നങ്ങളുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ മുന്‍ഗണ നല്‍കുന്ന രീതിയില്‍ ക്രമീകരണങ്ങള്‍ തുടങ്ങണം. എല്ലാ ആശുപത്രികളിലും ശിശുരോഗ വിദഗ്ധരുടെ സേവനം ഉറപ്പാക്കണമെന്നും വിദഗ്ധ സമിതി റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. മൂന്നാം തരംഗം ഒക്ടോബര്‍ അവസാന ആഴ്ചയോടെ ഉച്ചസ്ഥായിയില്‍ എത്തുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ആശുപത്രികളിലുള്ള കിടക്കകള്‍, ഓക്‌സിജനറേറ്ററുകള്‍ തുടങ്ങിയവയൊക്കെ കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ ആവശ്യമായതിനേക്കാള്‍ വളരെക്കുുറവാണെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇവയുടെ എണ്ണം വളരെയധികം വര്‍ധിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സെപ്റ്റംബറോടെ രണ്ട് ലക്ഷം ഐസിയു കിടക്കകള്‍ സജ്ജമാക്കണമെന്ന് നീതി ആയോഗ് അംഗം വി കെ പോള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇനിയൊരു കോവിഡ് തരംഗം ഉണ്ടായാല്‍ 100ല്‍ 23 രോഗികള്‍ വരെ ആശുപത്രിയില്‍ പ്രവേശിക്കപ്പെടാമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രണ്ട് ലക്ഷം ഐസിയു കിടക്കകള്‍ സജ്ജമാക്കണമെന്നും ഇതില്‍ 1.2 ലക്ഷം കിടക്കകളില്‍ വെന്റിലേറ്റര്‍ സൗകര്യവും വേണമെന്നും നിര്‍ദ്ദേശം നല്‍കി. ഓക്‌സിജന്‍ സൗകര്യമുള്ള അഞ്ച് ലക്ഷം കിടക്കകളുള്‍പ്പെടെ ഏഴ് ലക്ഷം നോണ്‍ ഐസിയു കിടക്കകള്‍, 10 ലക്ഷം ഐസൊലേഷന്‍ കിടക്കകള്‍ എന്നിവയും സജ്ജീകരിക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

അതേസമയം കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്. ഓണവിപണിയിലെ തിരക്കും ആഘോഷവും കോവിഡ് കണക്കില്‍ പ്രതിഫലിച്ച് തുടങ്ങിയിട്ടില്ല എങ്കിലും അതിന് മുന്‍പേ രോഗവ്യാപനം രൂക്ഷമാവുകയാണ്. മൂന്നുമാസത്തനിടെ ആദ്യമായി ഇന്നലെ ടിപിആര്‍ 17 % കടന്നു. ആനുപാതികമായി ആശുപത്രിയിലുള്ള രോഗികളും കൂടുകയാണ്. പതിനൊന്ന് ജില്ലകളില്‍ ആശുപത്രി കിടക്കകള്‍ 50 ശതമാനത്തിലേറെ നിറഞ്ഞു. രോവ്യാപനം കൂടുതലുള്ള വടക്കന്‍ ജില്ലകളില്‍ കോവിഡ്, കോവിഡ് ഇതര വിഭാഗങ്ങളിലായി സര്‍ക്കാര്‍ ആശുപത്രികളിലെ കിടക്കകളും ഐസിയുകളും നിറയുകയാണ്. മലപ്പുറത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ 72 ശതമാനം കിടക്കകളിലും രോഗികളുണ്ട്. വരും ദിവസങ്ങളില്‍ സാഹചര്യം തുടര്‍ന്നാല്‍ സ്വകാര്യ ആശുപത്രികളെ കൂടുതലായി ആശ്രയിക്കേണ്ടി വരും. പ്രതിദിന മരണസംഖ്യ കുറയാത്തതും ആശങ്കയാണ്.

Related News