അഫ്ഗാനിസ്ഥാനിൽ നിന്ന് 146 ഇന്ത്യക്കാർ കൂടി മടക്കിയെത്തി: 46 അഫ്ഗാൻ പൗരന്മാർ കൂടി വിമാനത്തിൽ

  • 23/08/2021



ന്യൂ ഡെൽഹി: അഫ്ഗാനിസ്ഥാനിൽ നിന്ന് 146 ഇന്ത്യക്കാർ കൂടി മടക്കിയെത്തി. ഇനിയുള്ള മലയാളി കന്യാസ്ത്രീ ഉൾപ്പടെ ഉള്ളവർ ഇന്ന് മടങ്ങിയേക്കും. ഇതിനിടെ അഫ്ഗാനിസ്ഥാനിലെ ന്യൂനപക്ഷങ്ങൾ ഇന്ത്യയിൽ അഭയം തേടുന്ന പശ്ചാത്തലത്തിൽ പൗരത്വനിയമ ഭേദഗതി അനിവാര്യമെന്ന നിലപാടുമായി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി രംഗത്തുവന്നു.

രക്ഷാദൗത്യം കേന്ദ്ര സർക്കാർ തുടരുകയാണ്. അമേരിക്കൻ വിമാനങ്ങളിൽ ദോഹയിലെത്തിയ 146 പേരാണ് ഇന്ന് തിരിച്ചെത്തിയത്. വ്യോമസേന വിമാനത്തിൽ കൂടുതൽ പേർ മടങ്ങിയെത്തും. 46 അഫ്ഗാൻ പൗരൻമാരും ഈ വിമാനത്തിലുണ്ട്. ഇറ്റാലിയൻ സ്കൂളിൽ പ്രവർത്തിക്കുകയായിരുന്ന മലയാളിയായ സിസ്റ്റർ തെരേസ ക്രസ്റ്റ ഉടൻ മടങ്ങാനാകുമെന്ന് ബന്ധുക്കളെ അറിയിച്ചു.

അതേസമയം, അമേരിക്ക ഈ മാസം അവസാനത്തോടെ രക്ഷാദൗത്യം അവസാനിപ്പിക്കുമെന്ന സൂചന നല്‍കി. അതിന് മുമ്പ് ഇന്ത്യൻ പൗരൻമാരെയും സഹായം തേടുന്ന അഫ്ഗാൻ പൗരൻമാരെയും കൊണ്ടുവരാനാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ ശ്രമം. അഫ്ഗാനിലെ ഹിന്ദു, സിഖ് വിഭാഗങ്ങൾക്ക് സഹായം നല്‍കാൻ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സുരക്ഷ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി തീരുമാനിച്ചിരുന്നു. 

ഇന്നലെ വ്യോമസേന വിമാനത്തിൽ മുപ്പതിലധികം പേരെ കൊണ്ടുവന്നിരുന്നു. ഇവരിൽ ചിലർ ഇനി അഫ്ഗാനിലേക്ക് മടങ്ങില്ലെന്നും ഇന്ത്യ പൗരത്വം നൽകണമെന്നും ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിൽ പൗരത്വ നിയമഭേദഗതി വീണ്ടും ചർച്ചയാക്കാനുള്ള അവസരമാക്കുകയാണ് കേന്ദ്രം. നിയമഭേദഗതി അനിവാര്യമാണ് എന്ന് തെളിയിക്കുന്നതാണ് അഫ്ഗാനിലെ സാഹചര്യമെന്ന് കേന്ദ്ര നഗരവികസന, പെട്രോളിയം മന്ത്രി ഹർദീപ് പുരി പറഞ്ഞു. 

ഇന്ത്യയിലുള്ള അഫ്ഗാനികൾ അഭയാർത്ഥികളുടെ തിരിച്ചറിയൽ കാർഡ് നൽകാത്തതിനെതിരെ ഇന്ന് ഐക്യരാഷ്ട്രസഭ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. 2019ൽ നടപ്പാക്കിയ പൗരത്വനിയമഭേദഗതിയുടെ ചട്ടങ്ങൾ ഇതുവരെ രൂപീകരിച്ചിട്ടില്ല. അഫ്ഗാൻ പൗരൻമാരെ സംരക്ഷിക്കാനുള്ള തീരുമാനം എടുത്ത സർക്കാർ ഒരു രാഷ്ട്രീയ അജണ്ട കൂടി കൂട്ടത്തിൽ നടപ്പാക്കുകയാണ്. 

Related News